
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ ഭാര്യ സൈറ ഹാത്തൂരിന്റെ (30) മൃതദേഹം പോസ്റ്റുമോർട്ടം നടത്തുമ്പോൾ, മൂന്ന് പെൺകുഞ്ഞുങ്ങളുമായി വരാന്തയിൽ കാത്തിരിക്കുകയായിരുന്നു ബീഹാർ സ്വദേശി ലഡു മിയാൻ. ഇനിയെന്ത് എന്നറിയാതെ വിതുമ്പുകയായിരുന്നു അയാൾ. അമ്മയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ അച്ഛന്റെ കണ്ണീർ തുടയ്ക്കുന്ന മക്കൾ. എല്ലാം നൊമ്പരക്കാഴ്ചയായി.
ആറു വർഷമായി മാന്നാറിൽ താമസിച്ച് ജോലി ചെയ്യുന്ന ലഡുമിയാൻ ഭാര്യയ്ക്കും ഇളയകുട്ടിക്കുമൊപ്പം സൈക്കിളിൽ സഞ്ചരിക്കവേ ബുധനാഴ്ചയാണ് അപകടമുണ്ടായത്. താഴെ വീഴുമെന്ന് തോന്നിയപ്പോൾ കുട്ടിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ സൈറ റോഡിൽ തലയടിച്ചു വീണു. തലയ്ക്കു ഗുരുതര പരിക്കേറ്റ സൈറയെ മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 10.30 ഓടെ മരിച്ചു.
ജലവിതരണ ലോറിയിലെ ജീവനക്കാരനായ ലഡുവിനെ സഹായിക്കാൻ ലോറിയുടെ ഉടമ പോലും എത്തിയിരുന്നില്ല. മൃതദേഹം നാട്ടിലെത്തിക്കാൻ പണമില്ലാതെ വിഷമിക്കുന്നതറിഞ്ഞ പൊതുപ്രവർത്തകർ വിവരം കെ.സി.വേണുഗോപാൽ എം.പിയെ അറിയിച്ചു. ലഡുവിന് മുന്നുമക്കളോടൊപ്പം ഭാര്യയുടെ മൃതദേഹവുമായി നാട്ടിലേക്ക് വിമാനത്തിൽ പോകാനുള്ള ചെലവ് വഹിക്കാമെന്ന് കെ.സി.വേണുഗോപാൽ അറിയിച്ചു. യുവാവ് പണമില്ലാതെ വിഷമിക്കുന്ന വിവരമറിഞ്ഞ് മന്ത്രി സജി ചെറിയാനും, എച്ച്.സലാം എം.എൽ.എയും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് തയ്യാറാക്കാൻ മാന്നാർ പൊലീസ് വൈകിയത് മന്ത്രിയെ ചൊടിപ്പിച്ചു. അടിയന്തര ധനസഹായമായി മന്ത്രി സജി ചെറിയാൻ 25,000 രൂപയും അമ്പലപ്പുഴ തഹസീൽദാർ ജ്യോതി 10,000 രൂപയും ലഡുവിന് കൈമാറി. നടപടിക്രങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇന്നു തന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കുടുംബത്തെ യാത്ര അയയ്ക്കാനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |