രക്ഷാപ്രവർത്തനത്തിനിടെ ഫയർമാന് പരിക്ക്
പത്തനാപുരം: കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് കടയ്ക്കാമൺ ചേകം തുണ്ടിൽ വീട്ടിൽ ബാബുരാജ് (62) മരണമടഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം.
ചേകം കുടജാദ്രിയിൽ യശോദയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. 30 അടിയോളം താഴ്ചയുള്ള കിണറ്റിലെ താഴത്തെ നാല് തൊടിയോളം മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം ഒപ്പം ജോലി ചെയ്തിരുന്ന ഹരിപ്രസാദ് കിണറിന് വെളിയിലായിരുന്നതിനാൽ രക്ഷപ്പെട്ടു. ഹരിപ്രസാദും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടന്ന് പത്തനാപുരം ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മണ്ണ് നീക്കി വൈകിട്ട് മൂന്നോടെ ബാബുരാജിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഫയർമാൻ ഷൈജുവിന്റെ തോളെല്ലിന് പരിക്കേറ്റു. ഷൈജുവിനെ പത്തനാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാബുരാജ് ദീർഘകാലം വിദേശത്ത് ഇലക്ട്രീഷ്യനായിരുന്നു. ഇപ്പോൾ നാട്ടിൽ ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾക്കും കൂലിവേലയ്ക്കും പോയിവരികയായിരുന്നു. മുതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കനകമ്മയാണ് ഭാര്യ. മക്കൾ: കവിത, കിരൺ. മരുമക്കൾ: രാജേഷ്, ഷിലു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |