SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.02 PM IST

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴുപേർക്ക് ദാരുണാന്ത്യം, നിരവധിപേരെ കാണാനില്ല

Increase Font Size Decrease Font Size Print Page

boat-accident

ഭുവനേശ്വർ: ബോട്ട് മറിഞ്ഞ് ഏഴുപേർ മരിച്ചു. ഒഡീഷയിലെ മഹാനദിയിലാണ് അപകടമുണ്ടായത്. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണെന്ന് ജില്ലാ കളക്‌ടർ കാർത്തികേയ ഗോയൽ പറഞ്ഞു.

വെള്ളിയാഴ്ച ബര്‍ഗഡ് ജില്ലയിലെ ബന്ധിപാലിയില്‍ നിന്ന് യാത്രക്കാരെ കയറ്റിയ ബോട്ട് യാത്രാമദ്ധ്യ ഝാര്‍സുഗുഡയിലെ ശാരദാ ഘട്ടിന് സമീപം മറിയുകയായിരുന്നു. 50 പേരാണ് ബോട്ടിലുണ്ടായത്. വെള്ളിയാഴ്ച രാത്രി ഒരു മൃതദേഹവും, ശനിയാഴ്ച രാവിലെ, ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പ്രധാൻ പറഞ്ഞു.

ഭുവനേശ്വറിൽ നിന്നുള്ള ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സാണ് തെരച്ചിൽ നടത്തുന്നത്. സ്‌ക്യൂബാ ഡൈവർമാരും സ്ഥലത്തുണ്ട്. ബോട്ടിന് ലൈസൻസ് ഇല്ലായിരുന്നുവെന്ന് ബിജെപി പ്രാദേശിക നേതാവ് സുരേഷ് പൂജാരി ആരോപിച്ചു. 'ബോട്ടിന് അധികാരികൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അതിൽ ലൈഫ് ഗാർഡ് ഇല്ലായിരുന്നു' എന്നാണ് ഒരു ദേശീയ മാദ്ധ്യമത്തോട് അദ്ദേഹം പറഞ്ഞത്.

ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ശ്രീനഗറിലെ ഝലം നദിയിൽ ബോട്ട് മറിഞ്ഞ് വിദ്യാർത്ഥികൾ മരിച്ചിരുന്നു. ഇരുപതോളം പേർ ബോട്ടിൽ ഉണ്ടായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഴ കാരണം നദിയിൽ ജലനിരപ്പ് ഉയർന്നിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. മഴയിൽ ഉരുൾപൊട്ടലും സംഭവിച്ചിരുന്നു. ഇക്കാരണത്താൽ ജമ്മു - ശ്രീനഗർ ദേശീയ പാതയും അടച്ചിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, BOAT, ACCIDENT, BHUVANESWAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY