പ്രത്യേക സംഘം അന്വേഷിക്കും
കൊച്ചി: ജഡ്ജിമാർക്കെന്ന പേരിൽ കക്ഷികളിൽ നിന്ന് 77 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ പരാതിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൗത്ത് ചിറ്റൂർ ഡിവൈൻ നഗർ കൂരൻകല്ലോക്കാരൻ വീട്ടിൽ അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ പൊലീസ് കേസെടുത്തു. വഞ്ചനക്കുറ്റത്തിനും അഴിമതി നിരോധന നിയമത്തിലെ ഏഴ് (ഒന്ന്) വകുപ്പ് പ്രകാരവുമാണ് കേസ്.
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ചതിന് പിന്നാലെ, സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ. സേതുരാമന് കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക സംഘം അന്വേഷിക്കും.അന്വേഷണ സംഘത്തലവനായി എ.ഡി.ജി.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കാനാണ് സാദ്ധ്യത. പ്രാഥമിക അന്വേഷണത്തിൽ മൊഴിയെടുത്തവരെ വീണ്ടും നോട്ടീസ് നൽകി വിളിച്ചുവരുത്തും. ഇതിന് ശേഷമാകും സൈബിയെ ചോദ്യം ചെയ്യുകയെന്നാണ് സൂചന.
മൂന്ന് ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ സിനിമാ നിർമ്മാതാവിൽ നിന്നടക്കം സൈബി ജോസ് പണം വാങ്ങിയെന്ന ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ റിപ്പോർട്ട് ഡി.ജി.പിക്ക് കൈമാറിയതോടെയാണ് പ്രാഥമികാന്വേഷണത്തിന് വഴി തുറന്നത്. കഴിഞ്ഞ ശനിയാഴ്ച കെ. സേതുരാമൻ ഡി.ജി.പിക്ക് നൽകിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ സൈബി ജോസിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്നായിരുന്നു ശുപാർശ.സൈബിക്കെതിരെ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നൽകിയ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തി കഴിഞ്ഞ ഡിസംബറിലാണ് വിജിലൻസ് രജിസ്ട്രാർ റിപ്പോർട്ടു നൽകിയത്. ജസ്റ്റിസ് കുഞ്ഞികൃഷ്ണനെന്നു പറഞ്ഞ് 25 ലക്ഷവും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിനെന്ന പേരിൽ രണ്ടു ലക്ഷവും ജസ്റ്റിസ് സിയാദ് റഹ്മാനെന്ന പേരിൽ 50 ലക്ഷവും വാങ്ങിയതായി അറിയാമെന്ന് നാല് അഭിഭാഷകർ മൊഴി നൽകിയിട്ടുണ്ട്.
ഗൂഢാലോചന:
സൈബി
ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സൈബി ജോസ് കിടങ്ങൂർ. തന്നെ കൊല്ലണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനെല്ലാം പിന്നിൽ. അന്വേഷണം മുന്നോട്ടുപോകുമ്പോൾ സത്യാവസ്ഥ പുറത്തുവരും.സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇവർ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു. അസോസിയേഷൻ ഭാരവാഹിയായി മത്സരിച്ചപ്പോൾ മുതലാണ് ആരോപണം ശക്തമായത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലുള്ള ആരോപണമാണിത്. പരാതിക്കാരില്ല. ഒരു മുൻ ജഡ്ജിയുടെ പേരു ചേർത്ത് മുൻ മന്ത്രി ഉന്നയിക്കുന്ന ആരോപണവും അടിസ്ഥാന രഹിതമാണെന്ന് സൈബി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |