
ന്യൂഡൽഹി: ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധിക്കായി (എ.ഐ) സംയുക്ത പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്‌തു. നിർമ്മിതബുദ്ധി മാനവക്ഷേമം ലക്ഷ്യമിട്ടായിരിക്കണം. അതിന് വ്യക്തമായ ദിശാബോധം ആവശ്യമാണ്. സാങ്കേതികവിദ്യയും മനുഷ്യവിശ്വാസവും ഒരുമിച്ചു പ്രവർത്തിക്കണം. ഇന്ത്യ എ.ഐ വിപ്ലവത്തിന്റെ ഭാഗമാകുകയല്ല, മറിച്ചു മുന്നിൽ നിന്നു നയിക്കുകയാണ്.
ഡൽഹി ഭാരത് മണ്ഡപത്തിൽ ഇന്നലെ എ.ഐ ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു മോദി. പരിവർത്തനത്തിന്റെ സുപ്രധാന അദ്ധ്യായമാണ് നിർമ്മിതബുദ്ധിയെന്ന് രാവിലെ ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ മോദി പറഞ്ഞു.
ഇന്ത്യ ശ്രീബുദ്ധന്റെ നാടാണ്. 'ശരിയായ ധാരണയിൽ നിന്നാണ് ശരിയായ പ്രവൃത്തിയുണ്ടാകുന്നത്". ശരിയായ തീരുമാനങ്ങൾ ശരിയായ സമയത്ത് എടുക്കുമ്പോൾ കൃത്യമായ ഫലമുണ്ടാകും". ശ്രീബുദ്ധന്റെ ഈ വാക്കുകൾ പ്രസക്തമാണ്. കൊവിഡ് സമയത്ത് ഒറ്റക്കെട്ടായി രാജ്യങ്ങൾ നിന്നപ്പോൾ അസാദ്ധ്യമായതും സാദ്ധ്യമായെന്നും മോദി ചൂണ്ടിക്കാട്ടി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ, ബ്രസീൽ പ്രസിഡന്റ് ലുയിസ് ലുലാ ഡിസിൽവ, സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രൊ സാഞ്ചേസ്, ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റെരി ഓർപോ, സെർബിയ പ്രസിഡന്റ് അലക്‌സാണ്ടർ വുചിച്ച്, ക്രൊയേഷ്യൻ പ്രധാനമന്ത്രി അൻഡ്രേജ് പ്ലെൻകോവിക്, എസ്റ്റോണിയ പ്രസിഡന്റ് അലാർ കാരിസ് തുടങ്ങി 20 രാഷ്ട്രത്തലവന്മാരും, 60ൽപ്പരം രാജ്യങ്ങളിലെ മന്ത്രിതല സംഘവും സെഷനിൽ പങ്കെടുത്തു.
ഇന്ത്യയുടെ 'മാനവ്" ദർശനം
എ.ഐ പ്രയോജനപ്പെടുത്താൻ, 'മാനവ് " (എം.എ.എൻ.എ.വി) എന്ന ഇന്ത്യൻ ദർശനവും മോദി മുന്നോട്ടുവച്ചു.
എം: ധാർമികതയുടെ അടിത്തറ
എ: സുതാര്യമായ നിയമം, ശക്തമായ മേൽനോട്ടം
എൻ: ദേശീയ പരമാധികാരവുമായി ബന്ധപ്പെട്ട ഡേറ്റ അതിന്റെ യഥാർത്ഥ ഉടമകളുടേത്
എ: ആരുടെയും കുത്തകയാകാൻ പാടില്ല
വി: നിയമപരവും പരിശോധനകൾക്ക് വിധേയവും ആയിരിക്കണം
സുതാര്യത പ്രധാനം
ചില രാജ്യങ്ങളും കമ്പനികളും എ.ഐയെ രഹസ്യമായി വികസിപ്പിക്കേണ്ട ആസ്‌തിയായിട്ടാണ് കാണുന്നത്. പങ്കുവയ്‌ക്കലുകളിലൂടെ മാത്രമെ എ.ഐ ലോകത്തിന് ഗുണം ചെയ്യുകയുള്ളുവെന്നാണ് ഇന്ത്യ വിശ്വസിക്കുന്നത്. സുതാര്യതയാണ് ഏറ്റവും വലിയ സുരക്ഷ.
'ഭാരത്" ബോർഡ് വീണ്ടും
'ഇന്ത്യ" എന്നതിനു പകരം 'ഭാരത്" എന്നെഴുതിയ ബോർഡാണ് പ്ലീനറി സെഷനിൽ മോദിക്കു മുന്നിലുണ്ടായിരുന്നത്. 2024ൽ ഡൽഹിയിൽ സംഘടിപ്പിച്ച ജി 20 ഉച്ചകോടിയിലും 'ഭാരത്" ബോർഡാണ് ഉപയോഗിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.