കേരളകൗമുദി പറഞ്ഞിരുന്നു
തിരുവനന്തപുരം: എ.ഐ ക്യാമറ ഇടപാടിലെ വൻ അഴിമതിക്കൊള്ളയുടെ തെളിവുകൾ ഒന്നൊന്നായി പുറത്തുവരികയും മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ട പ്രതിപക്ഷ ആരോപണങ്ങളിൽ സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്തതോടെ വിവാദ പദ്ധതി മരവിപ്പിച്ചു. പിഴയീടാക്കുന്നതും വൈകും. മരവിപ്പിക്കുമെന്ന് കേരളകൗമുദി മേയ് 3ന് റിപ്പോർട്ട് ചെയ്തിരുന്നു.
റോഡിലെ എ.ഐ ക്യാമറ നിരീക്ഷണം ഉദ്ഘാടനം ചെയ്തെങ്കിലും ഗതാഗതവകുപ്പും കെൽട്രോണും തമ്മിൽ കരാർ ഒപ്പിട്ടിരുന്നില്ല. ഇടപാടിൽ വിവിധ വകുപ്പുകൾക്കൊപ്പം എ.ജിയുടെയും അന്വേഷണം നടക്കുന്നുണ്ട്. ഐ.ബിയും വിവരങ്ങൾ തേടിയിരുന്നു. ഈ സാഹചര്യത്തിൽ മുന്നോട്ടു പോയാൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാർ വിലയിരുത്തുന്നു. പദ്ധതി മരവിപ്പിക്കലിനു മുമ്പ് സർക്കാർ നിയമോപദേശവും തേടിയിരുന്നു.അന്വേഷണ റിപ്പോർട്ടിനും തുടർ നടപടിക്കും ശേഷം നടപ്പാക്കിയാൽ മതിയെന്നാണ് തീരുമാനം.
സംസ്ഥാനത്ത് എ. ഐ 726 കാമറകളാണ് സ്ഥാപിച്ചത്. ഒരുമാസത്തെ ബോധവത്കരണത്തിനു ശേഷം മേയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരുന്നത്.
അഞ്ച് വർഷത്തിനുള്ളിൽ 232.5 കോടി നൽകാമെന്നാണ് കരാറെങ്കിലും വെറും 86 കോടിയേ എ.ഐ ക്യാമറ സ്ഥാപിക്കാൻ ചെലവായുള്ളൂ എന്നതിന്റെ രേഖകളാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ടത്. കെൽട്രോൺ കരാർ നൽകിയ എസ്.ആർ.ഐ.ടി, അവർ ഉപകരാർ നൽകിയ പ്രസാഡിയോ, ട്രോയിസ് എന്നീ സ്ഥാപനങ്ങളാണ് ഗുണഭോക്താക്കൾ. പിഴ ഈടാക്കിത്തുടങ്ങുമ്പോൾ മൂന്നു കമ്പനികൾക്കും എത്ര ശതമാനം പണം ലഭിക്കുമെന്ന് ഇനി വേണം പുറത്തുവരാൻ.
പ്രസാഡിയോ ടെക്നോളജീസുമായി മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവ് പ്രകാശ് ബാബുവിനുള്ള ബന്ധവും ഇതിനിടെ പുറത്തുവന്നു. റോഡ് സുരക്ഷയ്ക്കായി സേഫ് കേരള പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനിച്ച 2018ലാണ് പ്രസാഡിയോയും ആരംഭിച്ചത്. ഇതും ദുരൂഹമെന്നാണ് ആരോപണം. കെ-ഫോൺ പദ്ധതിയിൽ പ്രസാഡിയോ ടെക്നോളജീസിനുള്ള ബന്ധവും ചർച്ചയായി.
പിന്നോട്ടു പോകാൻ
കാരണങ്ങൾ
1. അടിമുടി ദുരൂഹത നിറഞ്ഞ ക്യാമറ ഇടപാടിൽ കാരാറിനു വിരുദ്ധമായി കെൽട്രോൺ പുറംകരാർ നൽകി
2. ക്യാമറ വിലയുടെ പലമടങ്ങ് തട്ടാനുള്ള പുറംകരാറുകാരുടെ രഹസ്യ നീക്കം പുറത്തുവന്നു
3. പുറംകരാർ നേടിയ കമ്പനിയുമായി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനുള്ള ബന്ധം പുറത്തുവന്നു
ഹാലിളകി ചിലർ
പദ്ധതി മരവിപ്പിക്കൽ എത്രയും പെട്ടെന്ന് ഒഴിവാക്കാനുള്ള നീക്കവും ചില ഉദ്യോഗസ്ഥർ ആരംഭിച്ചു. മരവിപ്പിച്ചാൽ ക്യാമറകൾ നശിക്കുമെന്നാണ് വാദം. മരവിപ്പിക്കലിനോട് മോട്ടോർ വാഹന വകുപ്പിനും താത്പര്യമില്ല. അന്തിമ കരാർ ഉണ്ടാക്കേണ്ടത് ഗതാഗതവകുപ്പും കെൽട്രോണും ചേർന്നാണ്. കരാർ ഒപ്പിട്ടാലും മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടണം. മന്ത്രിസഭയ്ക്ക് അത് നിയമവകുപ്പിന് കൈമാറാം. ട്രാൻസ്പോർട്ട് കമ്മിഷണർ ഒപ്പുവയ്ക്കുമ്പോഴേ കരാർ നടപ്പാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |