മലപ്പുറം: ''പൊതുസമൂഹം തിരിച്ചറിയുമെന്ന ഭയം മൂലം പരസ്യമായി പ്രതിഷേധിക്കാൻ പോലും കഴിയില്ല. ശാരീരികമായും മാനസികമായും തകർന്ന ഞങ്ങളുടെ പിടിവള്ളിയായിരുന്നു ധനസഹായം.'' എച്ച്.ഐ.വി ബാധിതർക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായം ഒന്നര വർഷമായി മുടങ്ങിയതോടെ, രോഗബാധിതനായ മദ്ധ്യവയസ്‌കന്റെ സങ്കടമാണിത്.
സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി മുഖേന 10,400 എച്ച്.ഐ.വി ബാധിതർക്ക് മാസം ആയിരം രൂപ ധനസഹായമായി അനുവദിച്ചിരുന്നു. 2024 മാർച്ച് മുതൽ ഫണ്ട് മുടങ്ങിയതോടെ ഇതുവരെ 18 കോടിയോളം രൂപ കുടിശ്ശികയാണ്. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർക്ക് ധനസഹായം ലഭിക്കുന്നത്. ആന്റി റിട്രോവൈറൽ തെറാപ്പി (എ.ആർ.ടി) സെന്ററുകൾ മുഖേനയാണ് എച്ച്.ഐ.വി ബാധിതർ ധനസഹായത്തിന് അപേക്ഷിക്കുന്നത്. 2024 മാർച്ച് മുതലുള്ള പുതിയ അപേക്ഷകളും തീർപ്പാക്കിയിട്ടില്ല. ഓരോ വർഷവും സംസ്ഥാനത്ത് ശരാശരി ആയിരം പേർക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 1,263 പേർക്ക് അണുബാധ കണ്ടെത്തി.
വണ്ടിക്കൂലിയില്ല, ചികിത്സ മുടങ്ങും
രോഗം തിരിച്ചറിഞ്ഞതോടെ കുടുംബം കൈയൊഴിഞ്ഞവരാണ് നല്ലൊരുപങ്കും. ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ഥിരമായി ജോലിക്ക് പോവാൻ കഴിയാത്തവരുമുണ്ട്. സമൂഹവും അകലം പാലിക്കുന്ന സാഹചര്യത്തിലാണ് രോഗികൾക്ക് സഹായമേകുക എന്ന ലക്ഷ്യത്തോടെ 2012ൽ സംസ്ഥാന സർക്കാർ പദ്ധതിക്ക് തുടക്കം കുറിച്ചത്. എ.ആർ.ടി സെന്ററുകളിൽ ചികിത്സയ്ക്കെത്തുന്നതിനുള്ള യാത്രാബത്തയായി 120 രൂപയും ധനസഹായമായി 400 രൂപയും ഉൾപ്പെടെ 520 രൂപയാണ് തുടക്കത്തിൽ അനുവദിച്ചിരുന്നത്. പിന്നീടത് ആയിരം രൂപയാക്കി. എ.ആർ.ടി സെന്ററുകളിൽ ചികിത്സയും മരുന്നും സൗജന്യമാണ്. യാത്രച്ചെലവിനാണ് മിക്കവരും ധനസഹായം പ്രയോജനപ്പെടുത്തുന്നത്. ധനസഹായം മുടങ്ങിയതോടെ കൃത്യമായി ചികിത്സയ്ക്കെത്താനാവാത്തത് രോഗികളുടെ ആരോഗ്യസ്ഥിതി ഗുരുതരമാകാൻ ഇടയാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |