കൊച്ചി: മേൽക്കൂരയിൽ തകരഷീറ്റോ പടുതയോ. ഭിത്തിക്കു പകരം നാലുവശത്തും വലകൾ. സിമന്റ് പോലുമിടാത്ത തറ. നികുതി ആഡംബര വീടുകൾക്ക് ഈടാക്കുന്ന അതേതുക! താത്കാലിക ഷെഡുകളിൽ പ്രവർത്തിക്കുന്ന കോഴിവളർത്തൽ കേന്ദ്രങ്ങൾക്കാണ് ആഡംബരവീടുകൾക്കുള്ള നികുതിയും തൊഴിൽ സെസും തദ്ദേശസ്ഥാപനങ്ങൾ ഈടാക്കുന്നത്. 2,000 ചുതരശ്രയടിക്കു മേൽ വിസ്തീർണമുള്ള ഷെഡുകൾ ഇത് നൽകണമെന്നാണ് ആവശ്യം. സർക്കാർ വേണ്ടെന്ന് നിർദ്ദേശിച്ച നികുതിയാണ് ഈടാക്കുന്നതെന്ന് കർഷകർ പറയുന്നു.
ഉത്പാദന ചെലവ് വർദ്ധിക്കുന്നതിനാൽ പ്രതിസന്ധിയിലായ കർഷകർക്ക് ഉയർന്ന നികുതിയും ലേബർ സെസും അടയ്‌ക്കാനാവുന്നില്ല. തദ്ദേശസ്ഥാപനങ്ങൾ സ്ഥിരതയില്ലാത്ത നികുതിയാണ് നിശ്ചയിക്കുന്നത്.ചെറുകിട കർഷകർക്ക് നികുതിഭാരം താങ്ങാനാവില്ല. 5,000 കോഴികളെ വളർത്താൻ 6,000 ചതുരശ്രയടി വിസ്‌തൃതിയുള്ള ഷെഡ് വേണം. ഒരു കിലോ ഇറച്ചി ഉത്പാദിപ്പിക്കാൻ 98 രൂപ ചെലവ്. 80 മുതൽ 105 വരെയാണ് വില ലഭിക്കുന്നത്.
അയൽനാട്ടിൽ നികുതിയില്ല
തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കോഴി ഷെഡുകൾക്ക് നികുതിയില്ല. നിലം എന്ന് രേഖപ്പെടുത്തിയ നികത്ത് ഭൂമിയിലും ഷെഡ് കെട്ടി കോഴി വളർത്താം. തമിഴ്നാട്ടിൽ വൈദ്യുതിയും സൗജന്യം.
ആവശ്യങ്ങൾ
5,000 കോഴികളെ വരെ വളർത്തുന്ന ഷെഡുകളെ നികുതിയിൽ നിന്നൊഴിവാക്കുക
നികത്ത് ഭൂമിയിലും കോഴി വളർത്തലിന് അനുമതി നൽകുക
ലൈസൻസ് വ്യവസ്ഥകൾ ലളിതമാക്കുക
കുറഞ്ഞ നിരക്കിൽ വൈദ്യുതി
കോഴിവളർത്തലിനെ കൃഷിയിൽ ഉൾപ്പെടുത്തി ആനുകൂല്യങ്ങൾ നൽകുക
കർഷകരെ പിടിച്ചുനിറുത്താൻ ആഡംബരനികുതി ഒഴിവാക്കാനും മറ്റു നികുതികളിൽ ഇളവ് നൽകാനും സർക്കാർ തയ്യാറാകണം.
-ഒ.മുഹമ്മദ്,
രക്ഷാധികാരി
കേരള ബ്രോയ്‌ലർ ഫാർമേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |