തിരുവനന്തപുരം: ഇത്തവണ ഓണമുണ്ണാനുള്ള, ഇല വാങ്ങാൻ അല്പം മടിക്കും.കാരണം, ഇല ഒന്നിന്റെ വില ഇരുപതിൽ എത്തിക്കഴിഞ്ഞു! 'പ്ളേറ്റിൽ മതിയായിരുന്നു' എന്ന് ചിന്തിക്കാനുമാവില്ല. ഓണമല്ലേ...ഇലയിടാതെ പറ്റില്ലല്ലോ.
ചാല മാർക്കറ്രിൽ സാമാന്യം വലിപ്പമുള്ള ഒരു ഇലയ്ക്ക് ഇരുപത് രൂപയായിരുന്നു ഇന്നലെത്തെ വില.രണ്ടാഴ്ച മുൻപ് അഞ്ച് രൂപയ്ക്ക് ലഭിച്ചിരുന്ന ഇലയാണ് ഒറ്റയടിക്ക് കൂടിയത്.അസോസിയേഷനുകൾ,കോളേജുകൾ,സ്കൂളുകൾ,ഓഫീസുകൾ,സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഓണാഘോഷം തുടങ്ങിക്കഴിഞ്ഞതോടെയാണ് ഇലയുടെ വില കുത്തനെ ഉയർന്നത്.
അഞ്ഞൂറ് ഇലകൾ മുതൽ ഒന്നിച്ച് വാങ്ങുന്നവർക്ക് മൊത്തവില്പനക്കാർ 15 രൂപ നിരക്കിലാണ് നൽകുന്നത്.ഇതിൽ കുറവ് വാങ്ങുന്നവരെല്ലാം 20 രൂപ നൽകണം.
ചെറുകിട കച്ചവടക്കാർ ചെറിയ ഇല 15 രൂപയ്ക്ക് നൽകുന്നുണ്ടെങ്കിലും കറികൾ ഏറെയുള്ള സദ്യ വിളമ്പാൻ ഈ ഇല മതിയാകില്ല.നൂറുക്കണക്കിനാളുകൾക്ക് സദ്യവിളമ്പേണ്ട ഓണാഘോഷങ്ങളിൽ ഇലയ്ക്ക് വൻതുക മുടക്കേണ്ട ഗതികേടിലാണ് ആളുകൾ.
200 ഇലയുള്ള ഒരു കെട്ട്, മൂവായിരം രൂപയ്ക്കാണ് വാങ്ങുന്നതെന്നും വാങ്ങിയാൽ അതിൽ 50 എണ്ണം കേടായിരിക്കുമെന്നും ചെറുകിട കച്ചവടക്കാർ പറയുന്നു.വെജിറ്റേറിയൻ ഹോട്ടലുകൾ ഇഡ്ഡലിയും മറ്റും വിളമ്പാൻ വാങ്ങുന്ന ചെറിയ ഇലയ്ക്ക് മൂന്ന് രൂപയാണ് നിരക്ക്.തമിഴ്നാട്ടിലെ തോട്ടങ്ങളിൽ നിന്നുള്ള വിലയനുസരിച്ച് ഓണം അടുക്കുമ്പോഴേക്കും വില കൂടാനും കുറയാനും സാദ്ധ്യതയുണ്ടെന്ന് ചാലയിലെ വാഴയില മൊത്ത വ്യാപാരസ്ഥാപനമായ എ.ആർ ട്രേഡേഴ്സ് ഉടമ രമേഷ് കുമാർ പറഞ്ഞു.വാഴയില ഒരാഴ്ച വരെ വാടാതെ ഇരിക്കും.
തമിഴ്നാട്ടിലെ തൂത്തുക്കുടി,കാവൽ കിണർ,മധുര,തിരുനെൽവേലി എന്നിവിടങ്ങളിലെ വലിയ തോട്ടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വാഴയില എത്തുന്നത്.
തമിഴ്നാട്ടിലെ കർഷകരാണ് ഓണക്കാലത്ത് വില ഉയർത്തുന്നതെന്നാണ് ചാലയിലെ കച്ചവടക്കാർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |