തിരുവനന്തപുരം: 'സമത്വത്തിനുവേണ്ടി യോജിച്ച് പൊരുതുക" എന്ന സന്ദേശവുമായി ജനാധിപത്യ മഹിള അസോസിയേഷന്റെ 13-ാമത് അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 36 വർഷത്തിനുശേഷമാണ് തലസ്ഥാന നഗരി ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിനായി ഒരുങ്ങുന്നത്. ഇന്നലെ വൈകിട്ട് 7ന് പുത്തരിക്കണ്ടം മൈതാനത്ത് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിന് പതാകയുയർത്തി. അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, സെക്രട്ടറി മറിയം ധാവ്‌ളെ, അഖിലേന്ത്യ വൈസ് പ്രസിഡന്റ് സുഭാഷിണി അലി, പി.കെ. സൈനബ, സൂസൻ കോടി, കെ.പി. സുമതി, പുഷ്പാദാസ്, വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ആനാവൂർ നാഗപ്പൻ, കടകംപള്ളി സുരേന്ദ്രൻ, വി. ജോയി തുടങ്ങിയവർ പങ്കെടുത്തു. ഇനി നാലുനാൾ നഗരം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹിളാ പ്രതിനിധികളാൽ സമ്പന്നമാകും. ഇന്നു രാവിലെ 9ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല നിയുക്ത ചാൻസലറും നർത്തകിയുമായ മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യും. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, അഖിലേന്ത്യ പ്രസിഡന്റ് മാലിനി ഭട്ടാചാര്യ, ചെഗുവേരയുടെ മകൾ അലൈഡ ഗുവേര, ചെറുമകൾ എസ്തഫാനിയ ഗുവേര തുടങ്ങിയവർ പങ്കെടുക്കും.
ഏഴിന് വൈകിട്ട് 4ന് 'ഭരണകൂട ഭീകരതയും ഇന്ത്യൻ വർത്തമാനവും" എന്ന വിഷയത്തിൽ ഗാന്ധിപാർക്കിൽ നടക്കുന്ന സെമിനാർ പ്രശസ്ത സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഉദ്ഘാടനം ചെയ്യും.
സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി, എ.എ. റഹീം എം.പി തുടങ്ങിയവർ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് 4ന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
25 സംസ്ഥാനത്തു നിന്നും കേന്ദ്രഭരണപ്രദേശത്തു നിന്നുമെത്തുന്ന 850 പ്രതിനിധികൾ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |