തിരുവനന്തപുരം: തൃശൂർപൂരം കലങ്ങിയതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ എ.ഡി.ജി.പി എം.ആർ അജിത്കുമാറിന് താക്കീത് നൽകി സർക്കാർ നടപടി അവസാനിപ്പിച്ചേക്കും ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് ആഭ്യന്തരസെക്രട്ടറി ബിശ്വനാഥ് സിൻഹ മുഖ്യമന്ത്രിക്ക് കൈമാറി. നടപടി സർക്കാരിന് തീരുമാനിക്കാമെന്നാണ് റിപ്പോർട്ടിലുള്ളത്.
തിങ്കളാഴ്ച ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിൽ ജൂലായ് ഒന്നുമുതൽ അജിത്തിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ടതാണ്. അതിനാൽ അതിനുമുൻപ് നടപടിക്ക് സാദ്ധ്യത കുറവാണ്. ഇനി ആവർത്തിക്കരുതെന്ന മുന്നറിയിപ്പോടെ അജിത്തിനെ താക്കീത് ചെയ്യാനാണിട. ശാസിച്ചാൽ അത് രേഖയിലാവുമെന്നതിനാൽ ആ ശിക്ഷയും ഒഴിവാക്കിയേക്കും. അജിത്തിനെതിരേ വകുപ്പുതല അന്വേഷണത്തിനും നടപടിക്കുമുള്ള സാദ്ധ്യതയും കുറവാണ്.
അതേസമയം, പൂരം കലക്കൽ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല. ഗൂഢാലോചനയടക്കം തൃശൂർ പൂരം അലങ്കോലമാക്കാൻ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ച് കേസെടുത്ത് അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. ഇതുവരെ അജിത്തിന്റെ മൊഴിയെടുത്തിട്ടില്ല. അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരഞ്ജന്റെ പരാതിയിലെടുത്ത എഫ്.ഐ.ആറിന് നിയമസാധുതയുണ്ടോയെന്നും ആശങ്കയുണ്ട്. ഈ റിപ്പോർട്ട് വരുന്നതു വരെ അജിത്തിനെതിരേ നടപടി വൈകിപ്പിക്കാനും ഇടയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |