SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.22 PM IST

ശബരിമല  സ്വർണക്കൊള്ളക്കേസ്; എസ്ഐടിക്ക് മുന്നിൽ മൊഴി നൽകാൻ രമേശ് ചെന്നിത്തല

Increase Font Size Decrease Font Size Print Page
ramesh-chennithala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) മുന്നിൽ മൊഴി നൽകും. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി ശബരിമല സ്വർണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുക. വിഷയവുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ തയ്യാറാണെന്ന് ചെന്നിത്തല എസ്ഐടിയെ അറിയിച്ചു. ഇഞ്ചക്കലിലെ ക്രെെംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് മൊഴി നൽകുക. ഏതെങ്കിലും തരത്തിലുള്ള തെളിവുകൾ കെെെമാറുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും കാണിച്ച് നേരത്തെ രമേശ് ചെന്നിത്തല എസ്ഐടിക്ക് കത്തയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണ്. ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാം. സംസ്ഥാനത്തെ ചില വ്യവസായികൾക്കും ശബരിമല സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു. ഡിസംബ‌ർ ആറിനാണ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകിയത്.

'പുരാവസ്തു സാധനങ്ങൾ മോഷ്ടിച്ച് കരിഞ്ചന്തയിൽ വിൽക്കുന്ന സംഘങ്ങളെക്കുറിച്ച് നേരിട്ട് അറിയാവുന്ന വ്യക്തിയെ അറിയാം. ഇയാൾ പൊതുജനത്തിന്മുന്നിൽ വന്ന് കാര്യങ്ങൾ വെളിപ്പെടുത്താൻ തയ്യാറല്ല. എന്നാൽ അന്വേഷണ സംഘത്തോടും കോടതിയിലും വന്ന് മൊഴി നൽകാൻ തയ്യാറാണ്. ഞാൻ സ്വതന്ത്രമായി പരിശോധിച്ചാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ചില വ്യവസായികൾക്കും റാക്കറ്റുകൾക്കും സ്വർണക്കൊള്ളയുമായി ബന്ധമുണ്ട്. ദേവസ്വം ബോർഡിലെ ചില ഉന്നതർക്ക് ഈ റാക്കറ്റുമായുള്ള ബന്ധം അന്വേഷിക്കണമെന്നും പുരാവസ്തുസംഘങ്ങൾ അന്വേഷണത്തിന്റെ പരിധിയിൽ വരണം'- രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

TAGS: SIT, RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY