
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി വിധി ചോർന്നതായി ഹെെക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഇതുസംബന്ധിച്ച് യശ്വന്ത് ഷേണായി ഹെെക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്. ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയാണ് നേരത്തെ ചോർന്നതെന്നാണ് വിവരം.
കേസിൽ വിധി വരുന്നതിന് ഒരാഴ്ച മുൻപ് സംഘടനയ്ക്ക് ഊമക്കത്ത് ലഭിച്ചെന്നും കത്തിലെ വിവരങ്ങൾ വിധിയുമായി സാമ്യമുള്ളതാണെന്നും ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും യശ്വന്ത് ഷേണായി ആവശ്യപ്പെട്ടു. ഊമക്കത്തിന്റെ പകർപ്പ് അടക്കം ചീഫ് ജസ്റ്റിസിന് കെെമാറിയിട്ടുണ്ട്.
ഒന്നാംപ്രതി പൾസർ സുനി അടക്കം ആറുപേരെ കുറ്റക്കാരായി കണ്ടെത്തിയ വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുൻപ് ഊമക്കത്തായി ലഭിച്ചെന്നാണ് പരാതി. ഡിസംബർ എട്ടിന് വിധി പറയുന്ന കേസിൽ ഏഴാം പ്രതി ചാർളി തോമസ്, എട്ടാം പ്രതി ദിലീപ്, ഒമ്പതാം പ്രതി സനിൽകുമാർ എന്നിവരെ ഒഴിവാക്കുമെന്നും ഊമക്കത്തിൽ പറയുന്നുവെന്നാണ് വിവരം. വിധി ചോർന്നോയെന്ന് അന്വേഷിക്കണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |