തൃശൂർ: വന്യമൃഗങ്ങൾ പെരുകുന്നത് തടയാൻ നിയമ ഭേദഗതി പരിഗണനയിലാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പുത്തൂർ സവോളജിക്കൽ പാർക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ മൃഗശാലയിൽ നിന്ന് പുത്തൂർ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിന്റെ ഉദ്ഘാടനം, മൂന്ന് മയിലുകളെ കൂട്ടിലേക്ക് മാറ്റി മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ആർ. ബിന്ദു എന്നിവർ നിർവഹിച്ചു. പാർക്കിലെ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനവും സ്വിച്ച് ഓണും മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
വനംവകുപ്പ് സെൻട്രൽ സർക്കിൾ തൃശൂരിനായി അനുവദിച്ച വാഹനത്തിന്റെ താക്കോൽദാനം മന്ത്രി ശശീന്ദ്രൻ സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ കെ.ആർ.അനൂപിന് കൈമാറി. വെറ്ററിനറി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം.ആർ.ശശീന്ദ്രനാഥിൽ നിന്ന് പാർക്ക് ഡയറക്ടർ ആർ.കീർത്തി ഉടമ്പടി ഏറ്റുവാങ്ങി. പീച്ചി വനം ഡിവിഷൻ, പീച്ചി വാഴാനി വന്യജീവി സങ്കേതം, ചൂലന്നൂർ മയിൽ സങ്കേതം, ചിമ്മിനി വന്യജീവി സങ്കേതം എന്നിവയുടെ ലോഗോ പ്രകാശനവും നിർവഹിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ ഓൺലൈനായി പങ്കെടുത്തു. ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ് എന്നിവർ മുഖ്യാതിഥികളായി. എം.എൽ.എമാരായ ഇ.ടി. ടൈസൺ, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വനം വന്യജീവി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |