തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന നിയമങ്ങൾക്ക് അനുസരണമായ ചട്ടങ്ങളും ചട്ട ഭേദഗതികളും രൂപീകരിക്കുന്നതിലെ അനാവശ്യ കാലതാമസം നിയമ നിഷേധത്തിന് വഴിവയ്ക്കുന്നു. ഇക്കാര്യത്തിൽ കേരള ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
2018-ലെ ക്ളിനിക്കൽ എസ്റ്രാബ്ളിഷ്മെന്റ് നിയമം, 2023-ലെ കേരള സർക്കാർ ഭൂമി പതിച്ചുനൽകൽ (ഭേദഗതി ) നിയമം, 2023ലെ അബ്കാരി (ഭേദഗതി) നിയമം , 2023 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ(ഭേദഗതി) നിയമം എന്നിവയ്ക്കാണ് മതിയായ ചട്ടരൂപീകരണത്തിന്റെ അഭാവത്തിൽ പ്രാബല്യം ലഭിക്കാതായത്
□ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് നിയമം 2018ൽ പ്രാബല്യത്തിൽ വന്നെങ്കിലും ക്ലിനിക്കൽ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും പരാതി പരിഹാരത്തിനുമുള്ള പ്രധാന ചട്ടങ്ങൾ ഏഴ് വർഷമായിട്ടും രൂപീകരിക്കാത്തതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. എത്രയും വേഗം രൂപീകരിക്കാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
□കേരള സർക്കാർ ഭൂമി പതിച്ചുനൽകൽ (ഭേദഗതി) നിയമം പതിച്ചു നൽകിയ ഭൂമിയിലെ ചില നിർമ്മാണങ്ങൾ സാധുവാക്കാനുള്ളതാണ്. 2024 ഏപ്രിലിൽ നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ അടുത്തിടെയാണ് സബ്ജക്റ്റ് കമ്മിറ്റി അംഗീകരിച്ചത്. ഉടൻ വിജ്ഞാപനമിറങ്ങുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
□അബ്കാരി (ഭേദഗതി) നിയമം പാസായെങ്കിലും മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചട്ടങ്ങൾ രൂപീകരിച്ചതും വിജ്ഞാപനം ചെയ്തതും.
□കേരള നെൽവയൽതണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമത്തിൽ ചട്ടങ്ങൾ വരാൻ കാലതാമസമുണ്ടായി. വിജ്ഞാപന നടപടികൾ പുരോഗമിക്കുന്നു.
□കേരള കെട്ടിട നികുതി (ഭേദഗതി) നിയമം ചട്ടങ്ങൾ രൂപീകരിക്കാത്തതിനാൽ പ്രാബല്യത്തിലെത്താൻ വൈകി..
നിയമഭേദഗതി
മൂല നിയമത്തിൽ കാതലായ മാറ്റങ്ങളുണ്ടെങ്കിൽ അതിനനുസരണമായി ചട്ടങ്ങളിലും ഭേദഗതി വരണം. നിയമസഭ നിയമ ഭേദഗതി അംഗീകരിച്ചാൽ ബന്ധപ്പെട്ട വകുപ്പാണ് ചട്ടഭേദഗതി തയ്യാറാക്കേണ്ടത്. ഇത് റൂൾസ് കമ്മിറ്റി അംഗീകരിച്ചാൽ മതി. ഔദ്യോഗിക തലത്തിലെ ഉദാസീനതയാണ് ചട്ടഭേദഗതി വൈകിപ്പിക്കുന്നത്.നിയമ ഭേദഗതി വന്നാൽ എത്ര സമയത്തിനുള്ളിൽ ചട്ടഭേദഗതി വേണമെന്ന് നിഷ്കർഷിക്കുന്നതുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |