
പത്തനംതിട്ട: ദർശനം കിട്ടാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ചുവരുത്തി ശബരിമലയിലെ പൊലീസ് കോഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്. പാരിപ്പള്ളിയിൽ നിന്നെത്തിയ തീർത്ഥാടകർക്കാണ് എഡിജിപി സഹായഹസ്‌തം നൽകിയത്. ആരും മടങ്ങിപ്പോകരുതെന്നും പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കുമെന്നും അദ്ദേഹം തീർത്ഥാടക സംഘത്തിന് ഉറപ്പും നൽകി. പാരിപ്പള്ളിയിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ള 17 അംഗ സംഘമാണ് ദർശനം കിട്ടാതെ മടങ്ങിയത്. ആദ്യമായി മാലയിട്ട് മല ചവിട്ടിയ കുട്ടിയടക്കം സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ ഉച്ചയ്ക്കാണ് സംഘം പമ്പയിൽ എത്തിയത്. തുടർന്ന് മരക്കൂട്ടം വരെയെത്തിയെങ്കിലും തിരക്കുമൂലം മുന്നോട്ടുപോകാൻ സാധിച്ചില്ല. ഇക്കാര്യമറിഞ്ഞ എഡിജിപി ഇന്ന് രാവിലെയോടെ തീർത്ഥാടകരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഭക്തർ ആരും ദർശനം കിട്ടാതെ മടങ്ങരുത് എന്നതാണ് പൊലീസിന്റെ നിലപാടെന്നും ആവശ്യമായ സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം തീർത്ഥാടകരെ അറിയിച്ചു. ഏത് സാഹചര്യത്തിലും പൊലീസിന്റെ സഹായം തേടാമെന്നും എസ് ശ്രീജിത്ത് അറിയിച്ചു.
ശബരിമലയിലെത്തിയ നിരവധി ഭക്തർ തിരക്കുമൂലം ദർശനം കിട്ടാതെ മടങ്ങിയിരുന്നു. പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ഇരുമുടി കെട്ടഴിച്ച് നെയ്യഭിഷേകം നടത്തി മാലയൂരിയാണ് ഇവർ മടങ്ങിപ്പോയത്. തീർത്ഥാടക തിരക്ക് നിയന്ത്രണാതീതമായതോടെ തമിഴ്നാട്ടിൽ നിന്നെത്തിയ ഭക്തരും ദർശനം നടത്താനാവാതെ തിരിച്ചുപോയിരുന്നു. 40 പേരടങ്ങുന്ന സംഘം പന്തളത്തെത്തി തിരുവാഭരണം ദർശനം നടത്തി ഇരുമുടിക്കെട്ട് സമർപ്പിച്ച് മടങ്ങുകയായിരുന്നു. തിരുവണ്ണാമലയിൽ നിന്നെത്തിയ കുട്ടികളടക്കമുള്ള കന്നി അയ്യപ്പൻമാരുടെ സംഘമാണ് നിരാശയും പ്രതിഷേധവും പ്രകടിപ്പിച്ച് തിരിച്ചുപോയത്. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തെത്തിയ തങ്ങൾക്ക് പമ്പ വരെ എത്തിയിട്ടും ദർശനം നടത്താൻ കഴിഞ്ഞില്ലെന്ന് തീർത്ഥാടകർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |