
ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്‌കൂൾ മാനേജ്‌മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികൾ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്കൂൾ അധികൃതർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് രണ്ട് അദ്ധ്യാപകരും ആയമാരും ഉണ്ടായിരുന്നുവെന്നും അപകടത്തിന്റെ ഞെട്ടലിൽ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയായ ഹെയ്സൽ ബെൻ (നാല്) സ്കൂൾ ബസ് കയറി മരിച്ചത്. ഇനയ ഫൈസൽ എന്ന കുട്ടിക്ക് കാൽപാദത്തിനും ഗുരുതര പരിക്കേറ്റു. സ്‌കൂൾ ബസിൽ നിന്നിറങ്ങിയ ശേഷം ഹെയ്‌സലും ഇനയയും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു. ഈ സമയമെത്തിയ മറ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്‌സലിന്റെ ശരീരത്തിൽ കൂടി കയറി ഇറങ്ങി. സംഭവം കണ്ട അദ്ധ്യാപകരും മറ്റ് ബസ് ഡ്രൈവർമാരും പരിക്കേറ്റ കുട്ടികളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹെയ്‌സലിനെ രക്ഷിക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |