കൊച്ചി: താരസംഘടന 'അമ്മ'യുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ആശശരത്, നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർക്ക് തോൽവി. വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജു, ശ്വേതാ മേനോൻ എന്നിവർ വിജയിച്ചു.
നിർവാഹക സമിതിയിലേക്ക് ബാബുരാജ്, ലാൽ, ലെന, മഞ്ജു പിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, വിജയ് ബാബു എന്നിവർ വിജയിച്ചു. ആശ ശരത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർ നിർവാഹക സമിതിയിലേക്കുമാണ് മത്സരിച്ചത്.
പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജയസൂര്യ സെക്രട്ടറിയും സിദ്ദിഖ് ട്രഷററുമാണ്.
സംഘടനയെ സജീവമാക്കാനാണ് മത്സരിച്ചതെന്ന് മണിയൻപിള്ള രാജുവും സിദ്ദിഖും പറഞ്ഞു. മത്സരവുമായി ബന്ധപ്പെട്ട് പോസ്റ്റിട്ടത് പ്രചാരണത്തിന്റെ ഭാഗമായാണെന്ന് സിദ്ദിഖ് പറഞ്ഞു. ആരെയും വ്യക്തിപരമായി മോശമായി ചിത്രീകരിക്കാനല്ല.
അമ്മയിൽ അംഗമായി 27 വർഷത്തിന് ശേഷമാണ് മത്സരിച്ചതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. പ്രവർത്തിക്കാൻ കൂടുതൽ സമയം ഇപ്പോൾ ലഭിക്കുന്നതിനാലാണ് വൈസ് പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംഘടന ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |