വീടുകൾ കുട്ടികൾക്ക് സുരക്ഷിത ഇടമെന്നതാണ് സങ്കൽപം. സ്‌നേഹത്തിന്റെയും കരുതലിന്റെയും തണലുള്ളതു കൊണ്ട് സ്വഭാവ രൂപീകരണം നന്നായി സംഭവിക്കും. പീഡനങ്ങളും പ്രതിസന്ധികളും മൂലമുണ്ടാകുന്ന മുറിവുകൾ ഉണക്കാനുള്ള
അന്തരീക്ഷമൊരുക്കും.
എന്നാൽ എല്ലാ വീടുകളും അങ്ങനെയാണോ?. മൂല്യങ്ങൾക്ക് ശോഷണം സംഭവിക്കുന്ന സാഹചര്യത്തിൽ ഭവനങ്ങൾ കുട്ടികൾക്കു നൽകുന്ന സുരക്ഷാവലയം ദുർബലമാകുന്നുണ്ടോ
എന്ന സംശയമുയർത്തുന്ന സംഭവങ്ങൾ കേരളത്തിൽ കൂടുതലായി കേൾക്കുന്നു. രണ്ടാനമ്മയും അച്ഛനും ചേർന്ന് ഉപദ്രവിച്ചതിന്റെ സങ്കടം കുട്ടി കടലാസിൽ പകർത്തുകയും,
രണ്ടാനമ്മയും അച്ഛനും ഒളിവിലാകുകയും ചെയ്തു. അമ്മയുടെ കാമുകൻ കുട്ടിക്ക് ലഹരി പദാർത്ഥം നൽകി അവിഹിത സാഹചര്യം ഒരുക്കിയ സംഭവം മറ്റൊന്ന്.
വീടുകൾ കുട്ടികൾക്ക് അത്ര സുരക്ഷിതമല്ലെന്ന് സൂചിപ്പിക്കുന്ന ചില പഠനങ്ങളുമുണ്ട്. ശരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ, മദ്യമടക്കമുള്ള ലഹരി വസ്തുക്കളുടെ പിടിയിൽപ്പെട്ട പിതാവുള്ള വീട്ടിലെ കുട്ടികൾ, താളംതെറ്റിയ കുടുംബബന്ധങ്ങളുള്ള വീട്ടിലെ കുട്ടികൾ, രണ്ടാനച്ഛന്റെയോ രണ്ടാനമ്മയുടെയോ തണലിൽ വളരുന്നവർ.... ഇവരൊക്കെ പീഡനം നേരിടാനിടയുള്ള ഹൈ റിസ്‌ക് റിസ്‌ക് വിഭാഗമെന്ന് പഠനം സൂചിപ്പിക്കുന്നു. പിള്ളേരെ തല്ലി വളർത്തണമെന്നും, അവർ അനുസരിക്കാൻ വിധിക്കപ്പെട്ടവരാണെന്നുമുള്ള വികല ശൈലികളുള്ളവർ കുട്ടികളെ 'സോദ്ദേശപരമായി' ഉപദ്രവിക്കുന്നു. മാനസികാരോഗ്യ തകർച്ചയുള്ള മാതാപിതാക്കളിൽ ചിലരും കുട്ടികളെ വൈകാരികമായും ശാരീരികമായും പീഡിപ്പിക്കുന്നു. ദാമ്പത്യ പ്രശ്‌നങ്ങൾ കലശലാകുമ്പോൾ അതു പിള്ളേരോട് പ്രകടിപ്പിക്കുന്നവരുമുണ്ട്. .
കുട്ടികളുടെ മനസിൽ വീട്ടിലെ പീഡനം ഗുരുതര മുറിവുണ്ടാക്കുന്നു. പലരും വിഷാദത്തിനോ ആധിക്കോ അടിമപ്പെടുന്നു. ചിലർ വീട്ടിൽ കാണുന്ന പീഡനമാതൃകകൾ സഹപാഠികളോടെടുക്കാം. മറ്റു ചിലർ ഉൾവലിയും. വിശ്വസിക്കേണ്ടവരും ആശ്രയിക്കേണ്ടവരുമായ രക്ഷകർത്താക്കളിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ബന്ധങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും. ഇത്തരം അനുഭവങ്ങൾ മനോവികാസത്തിനു
തടസങ്ങളുണ്ടാക്കാം. പെരുമാറ്റങ്ങളിൽ വ്യത്യാസം പ്രകടിപ്പിക്കുന്ന കുട്ടികളുമായി സംസാരിച്ചാൽ അദ്ധ്യാപകർക്ക് വീട്ടിലെ പ്രതികൂല അന്തരീക്ഷം കണ്ടെത്താം. ഗുരുതരമായ സാഹചര്യങ്ങളിൽ പൊലീസിന് ഇടപെടേണ്ടി വരും. പല സാഹചര്യങ്ങളിലും മാതാപിതാക്കളെ വിളിച്ച് മാർഗനിർദ്ദേശങ്ങൾ നൽകേണ്ടി വരും. പീഡനത്തിനിരയായ കുട്ടികൾക്കും മന:ശാസ്ത്രപരമായ സഹായം നൽകണം.
വീട്ടിൽ കുട്ടികൾ ഉപദ്രവിക്കപ്പെടുന്നത് നിസാര കാര്യമല്ല. വിശ്വസിക്കാവുന്നവരുണ്ടെന്ന സങ്കൽപത്തിൽ പടുത്തുയർത്തിയ വീടിന്റെ മന:ശാസ്ത്രപരമായ മേൽക്കൂരയാണ് കുട്ടികളുടെ മേലേയ്ക്ക് ഇടിഞ്ഞു വീഴുന്നത്. ഇളം മനസുകൾ ചതഞ്ഞു പോകും.. ചറ്റുവട്ടത്ത് അത്തരമൊരു വീടുണ്ടെങ്കിൽ തിരുത്താനിറങ്ങുക. . 'എന്റെ കുട്ടിയുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം' എന്ന തർക്കുത്തരത്തിനു മുന്നിൽ പതറാതെ ഇടപെടണം.
ഡോ. സി.ജെ. ജോൺ
സീനിയർ സൈക്യാട്രിസ്റ്റ്,
മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ,
എറണാകുളം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |