തിരുവനന്തപുരം: പി.എം കുസും സൗരോർജ പമ്പ് പദ്ധതിയിൽ നടന്ന 100 കോടിയുടെ ആസൂത്രിത അഴിമതിയെ കുറിച്ച് സ്വതന്ത്ര ഏജൻസി അന്വേഷിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അനെർട്ടിന്റെ ഫൈനാൻസ് വിഭാഗത്തെയും സെക്രട്ടേറിയറ്റിലെ ഫിനാൻസ് വിഭാഗത്തെയും ഇരുട്ടിൽ നിറുത്തിയാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. താൻ ഒന്നും അറിഞ്ഞില്ലെന്ന് പറഞ്ഞ് വൈദ്യുതി മന്ത്രി ഒഴിഞ്ഞുമാറുന്നത് വിശ്വസിക്കാനാവില്ല. ഒന്നുകിൽ അദ്ദേഹം ഇതെല്ലാം അറിഞ്ഞുകൊണ്ട് സി.ഇ.ഒയെ സംരക്ഷിക്കുന്നു. അല്ലെങ്കിൽ മന്ത്രിയെ നോക്കുകുത്തിയാക്കി മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നു. അനെർട്ടിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ മുഴുവൻ കണക്കുകളും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് ഫോറൻസിക് ഓഡിറ്റിന് വിധേയമാക്കണം. നിയമസഭ സമിതിയുടെ സമഗ്ര റിപ്പോർട്ടും തയ്യാറാക്കണം. അനർട്ടിനെ ഒന്ന് ഇളക്കിമറിച്ചാൽ ആയിരം കോടിയുടെ അഴിമതി പുറത്തുവരുമെന്നും ചെന്നിത്തല പറഞ്ഞു.
നിയമനത്തിലും അഴിമതി
അനെർട്ട് സി.ഇ.ഒ ആയ നരേന്ദ്രനാഥ് വേലൂരിയുടെ മുൻ എക്സിക്യുട്ടീവ് അസിസ്റ്റന്റ് വിനയ് .പി എന്ന താത്കാലിക ജീവനക്കാരനെ ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ഇ.വൈ (ഏണസ്റ്റ് ആൻഡ് യംഗ്) ജോലിക്കെടുത്തത് മുമ്പ് സ്വപ്ന സുരേഷിനെ സ്‌പേസ്പാർക്ക് പദ്ധതിയിൽ കൺസൽട്ടന്റാക്കിയതിന് സമാനമാണ്. അനെർട്ടുമായി കോടികളുടെ കൺസൽട്ടൻസി കരാറുള്ള ഇ.വൈ, അനെർട്ടിന്റെ സി.ഇ.ഒയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റിനെ വൻ ശമ്പളത്തിൽ നിയമിക്കുകയും തൊട്ടടുത്ത ദിവസം അനെർട്ടിലേക്കു തന്നെ ഡെപ്യൂട്ടേഷനിൽ തിരിച്ചയയ്ക്കുകയും ചെയ്തു. അനെർട്ടിന്റെ കൺസൾട്ടന്റായി ഇ.വൈയെ നിയമിക്കുന്നതിന്റെ രേഖകൾ പരിശോധിച്ച് സി.ഇ.ഒയെ അന്തിമ തീരുമാനത്തിന് സഹായിച്ച ആളാണ് വിനയ്.
2025 ഏപ്രിൽ നാലിന് അനെർട്ടിൽ നിന്നും വിടുതൽ വാങ്ങിയ വിനയ് തൊട്ടടുത്ത ദിവസം ഇ.വൈയുടെ ഉദ്യാഗസ്ഥനായി കയറി. അന്നു തന്നെ ടെൻഡറിംഗ് പ്രോസസസിൽ സഹായിക്കാൻ വീണ്ടും അനെർട്ടിൽ ജോലിയിൽ പ്രവേശിച്ചു. അതും വളരെ ഉയർന്ന ശമ്പളത്തിൽ.
കോടികളുടെ ഫണ്ട് ചെലവഴിക്കുന്നതിനുള്ള ടെൻഡർ പ്രോസസ്സിംഗിൽ അനെർട്ട് ജീവനക്കാരെ ഒഴിവാക്കി താത്കാലികക്കാരെ കൊണ്ടോ ഇ.വൈ പോലെയുള്ള സ്വകാര്യ കമ്പനികളെ കൊണ്ടോ ആണ് നടത്തിക്കുന്നത്.
100 ശതമാനം കേന്ദ്രഫണ്ട് കൊണ്ടു ചെയ്യുന്ന തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സോളാർ ഇൻസ്റ്റലേഷനിലും അമ്പരപ്പിക്കുന്ന ക്രമക്കേടുകളാണ് നടന്നിരിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടു വർഷത്തിൽ 514 സോളാർ പദ്ധതികൾ ഓരോന്നും അനെർട്ടിന്റെ ധനദുർവിനിയോഗത്തിന്റെ ഉദാഹരണങ്ങളാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |