
തിരുവനന്തപുരം: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളിൽ വെള്ളം ചേർത്ത് ഇല്ലാതാക്കാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി. സാമൂഹ്യ നീതി ആക്രമിക്കപ്പെടുന്ന ഇത്തരം നടപടികൾക്കെതിരെ ഗാന്ധിയൻ മാർഗത്തിലൂടെ പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ 141-ാം സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ച് സേവാദൾ വോളന്റിയർമാരുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പാർട്ടി പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ആന്റണി.
കോൺഗ്രസിന്റെ ജന്മദിനം ആഘോഷിക്കാൻ പറ്റിയ അന്തരീക്ഷമല്ല രാജ്യത്തുള്ളത്. രാജ്യവ്യാപകമായി പ്രതിഷേധിക്കാനും ഇന്ത്യയെ രക്ഷിക്കാനുമുള്ള ഗാന്ധിയൻ സമരമാർഗത്തെക്കുറിച്ച് ആലോചിക്കേണ്ട സമയമാണ്. ഗാന്ധിജിക്ക് പകരം ഗോഡ്സയെ ഉയർത്തിക്കാട്ടാൻ ഭരണാധികാരികൾ ശ്രമിക്കുന്നു. പൗരന്മാരെ രണ്ടുതരമായി കാണുന്ന സവർക്കറാണ് രാഷ്ട്രനേതാവെന്ന് വിശ്വസിക്കുന്ന ഭരണകൂടം മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും സമത്വവും നിഷേധിച്ച് ഭരണഘടനയെ പിച്ചിചീന്തുകയാണെന്നും ആന്റണി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി,കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ,കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്,സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ,രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ചെറിയാൻ ഫിലിപ്പ്,പന്തളം സുധാകരൻ കെ.പി.സി.സി ഭാരവാഹികളായ എം. വിൻസന്റ് എം.എൽ.എ,പാലോട് രവി,എം.എ വാഹിദ്,മരിയാപുരം ശ്രീകുമാർ,എം.എം നസീർ,കെ.എസ് ശബരീനാഥൻ,കെ.ബി.ശശികുമാർ,ഡി.സി.സി പ്രസിഡന്റ് എൻ.ശക്തൻ തുടങ്ങിയവർ പങ്കെടുത്തു.
ബി.എസ് ബാലചന്ദ്രൻ രചിച്ച 'എ.കെ ആന്റണി രാഷ്ട്രീയത്തിലെ സുവർണ സാന്നിദ്ധ്യം' എന്ന പുസ്തകത്തിന്റെ പ്രകാശനം ആന്റണിക്ക് നൽകി ചെറിയാൻ ഫിലിപ്പ് നിർവഹിച്ചു. ഡി.സി.സി,ബ്ലോക്ക്,മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും പാർട്ടി പതാക ഉയർത്തി സംസ്ഥാന വ്യാപകമായി സ്ഥാപക ദിന ആഘോഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |