തൃശൂർ: സംസ്‌കൃത- മലയാള കൃതികൾ രചിച്ച ആദ്യ വിദേശിയായ ജർമ്മൻ മിഷണറി അർണോസ് പാതിരിയുടെ വെങ്കല പ്രതിമ മഴയും വെയിലുമേറ്റ് നശിക്കുന്നു. തിരുവനന്തപുരം ലയോള കോളേജ് വളപ്പിലാണ് പ്രതിമയുള്ളത്. 1995 മാർച്ചിലാണ് പ്രതിമ നിർമ്മിക്കാൻ സർക്കാർ രണ്ടുലക്ഷം രൂപ അനുവദിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രി ജംഗ്ഷനിൽ സ്ഥാപിക്കാനായിരുന്നു തീരുമാനം. പക്ഷേ നടപ്പായില്ല.
മൂന്ന് ലക്ഷം രൂപയ്‌ക്ക് നിർമ്മിച്ച ആറടി ഉയരമുള്ള പ്രതിമയ്‌ക്ക് 500 കിലോഗ്രാം ഭാരമുണ്ട്.
പ്രതിമ തൃശൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മാർ അപ്രേം മെത്രാപ്പൊലീത്ത, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ.രാജൻ രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർക്കും നിവേദനം നൽകിയിരുന്നു. അർണോസ് പാതിരി രചനകൾ നടത്തിയിരുന്നത് തൃശൂരിൽ വച്ചായിരുന്നു. മരിച്ചതും തൃശൂരിലായിരുന്നു. 1732ലായിരുന്നു അന്ത്യം. ഭാരതീയ വിജ്ഞാനം വിദേശത്തെത്തിച്ച പാതിരിയെ അറിവിന്റെ സമുദ്രമെന്നാണ് സുകുമാർ അഴീക്കോട് ഒരിക്കൽ വിശേഷിപ്പിച്ചത്.
പാഠപുസ്തകങ്ങളിലും അവഗണന
പാതിരിയുടെ പുത്തൻപാന, സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തണമെന്ന അപേക്ഷയും ജീവചരിത്രവും കൃതികളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. പാതിരിയുടെ പേരിലുള്ള ഈശോസഭ വൈദികർ നേതൃത്വം നൽകുന്ന വേലൂരിലെ അർണോസ് അക്കാഡമിക്ക് വാർഷിക ഗ്രാൻഡ് അനുവദിക്കണമെന്ന ആവശ്യവും നടപ്പായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റിട്ട. അദ്ധ്യാപകൻ ജോൺ കള്ളിയത്ത് മുഖ്യമന്ത്രി പങ്കെടുത്ത മുഖാമുഖം പരിപാടിയിലും നിവേദനം നൽകിയിരുന്നു.
'അർണോസ് അക്കാഡമിയുടെ നിവേദനത്തിൽ പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിക്കാനാകില്ലെന്നായിരുന്നു സാംസ്‌കാരിക വകുപ്പിന്റെ മറുപടി. എത്രയാേ പ്രതിമകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്നുണ്ട്. ഇത് വിവേചനമല്ലേ?
- ഡോ. ജോർജ് തേനാടിക്കുളം,
ഡയറക്ടർ, അർണോസ് അക്കാഡമി വേലൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |