മലപ്പുറം: നിലമ്പൂരിൽ അപ്രതീക്ഷിതമായി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി നിർണയത്തിനായി മുന്നണികൾ തിരക്കിട്ട ചർച്ചകളിൽ. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും ഡി.സി.സി പ്രസിഡന്റ് വി.എസ്.ജോയിയുമാണ് പട്ടികയിലുള്ളത്. ലീഗിന്റെ പിന്തുണയടക്കമുള്ള ഷൗക്കത്തിനാണ് മുൻതൂക്കം. ഒരുപേരിലെത്തിയതായാണ് സൂചന. അതേസമയം, ജോയിയോട് ലീഗിന് എതിർപ്പില്ലെങ്കിലും സീറ്റ് നിഷേധിച്ചാൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാവുമെന്നും മലപ്പുറത്തെ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാവുമെന്നും ലീഗിന് ആശങ്കയുണ്ട്.
സീറ്റ് നിഷേധിച്ചാൽ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ സി.പി.എം നീക്കം നടത്തുമോ എന്ന ഭയം കോൺഗ്രസിനുമുണ്ട്. സമവായമുണ്ടാക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് കോൺഗ്രസ് നേതൃത്വം. 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഉറച്ച സീറ്റ് എന്ന വാഗ്ദാനത്തോട് ഷൗക്കത്തിന് താത്പര്യമില്ല. നിലമ്പൂരിന്റെ ചുമതലയുള്ള കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാറിന്റെ നിലപാട് നിർണായകമാകും.
സി.പി.എമ്മിന് പൊതുസ്വതന്ത്രൻ?
ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് സി.പി.എം ശ്രമം. ഇന്നലെ പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് പ്രാഥമിക പട്ടിക തയ്യാറാക്കി. പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിനാണ് മുൻതൂക്കം. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ആരെന്ന് അറിഞ്ഞ ശേഷമാകും പ്രഖ്യാപനം.
ചുങ്കത്തറ മാർത്തോമ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. തോമസ് മാത്യു, മുൻ ഇന്ത്യൻ ഫുട്‌ബാൾ ടീം ക്യാപ്റ്റൻ യു.ഷറഫലി, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.ഷബീർ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.എം.ഷൗക്കത്ത്, ജില്ലാ പഞ്ചായത്തംഗം ഷെറോണ റോയ്, മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം എന്നീ പേരുകൾ ഉയർന്നിട്ടുണ്ട്. പ്രമുഖനായ സസ്പെൻസ് സ്ഥാനാർത്ഥി വന്നാലും അത്ഭുതപ്പെടേണ്ട എന്നാണ് സി.പി.എം നേതാക്കൾ സൂചിപ്പിക്കുന്നത്. പാർട്ടിക്ക് പുറത്തുള്ള വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെയാണ് സി.പി.എം തേടുന്നത്.
വോട്ടർമാർ
ആകെ വോട്ടർമാർ .................... 2,32,384
പുരുഷന്മാർ .............................. 1,13,486
സ്ത്രീകൾ....................................1,18,889
പോളിംഗ് സ്റ്റേഷനുകൾ ............ 263
45.3% ഹിന്ദു വോട്ടർമാർ
43.9% മുസ്‌ലിം വോട്ടർമാർ
10.8% ക്രിസ്ത്യൻ വോട്ടർമാർ
പട്ടികജാതി വോട്ടർമാർ 8%
(2011ലെ സെൻസസ് പ്രകാരം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |