കൊച്ചി: നിലമ്പൂർ മുണ്ടേരി ഉൾവനത്തിൽ കഴിയുന്ന മുന്നൂറോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യത്തിൽ ഹർജിക്കാരനായ ആര്യാടൻ ഷൗക്കത്തിന് നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ഹർജിക്കാരൻ ഇപ്പോൾ എം.എൽ.എയായ സാഹചര്യത്തിൽ ഈ വിഷയത്തിൽ സജീവ ഇടപെടൽ വേണമെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ,ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു. എന്തൊക്കെ ചെയ്യാനായി എന്നത് 28ന് ഹർജി പരിഗണിക്കുമ്പോൾ അറിയിക്കാനും നിർദ്ദേശിച്ചു.
ഷൗക്കത്ത് ഉൾപ്പെടെ 2023ൽ നൽകിയ ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്രദേശത്തെ ആദിവാസികൾ ആശ്രയിച്ചിരുന്ന പാലം പ്രളയത്തിൽ തകർന്നെങ്കിലും പുനർനിർമ്മിച്ചിട്ടില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിർമ്മാണം ആഗസ്റ്റ് 20ന് പൂർത്തിയാക്കുമെന്നാണ് സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. ഇത്രയും ദിവസത്തിനകം പാലം എങ്ങനെ പൂർത്തിയാക്കുമെന്ന് കോടതി ചോദിച്ചു. കനത്തമഴ കാരണമാണ് നിർമ്മാണം വൈകുന്നതെന്ന് സർക്കാർ വാദിച്ചു. മഴ പ്രതീക്ഷിച്ചിരുന്നതാണല്ലോയെന്ന് കോടതിയും പറഞ്ഞു.
2018-19ലെ പ്രളയത്തിൽ ചാലിയാറിലെ പാലങ്ങളടക്കം ഒലിച്ചുപോയതോടെയാണ് ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനിക്കാർ ഒറ്റപ്പെട്ടത്. പ്ലാസ്റ്റിക്‌ഷീറ്റ് മറച്ച ഷെഡുകളിലാണ് പലരും താമസിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |