തിരുവനന്തപുരം: പൂർണ ബഡ്ജറ്റ് പാസാക്കാനായി നിയമസഭയുടെ 28ദിവസത്തെ സമ്മേളനം നാളെ തുടങ്ങും. ജൂലായ് 25ന് സമാപിക്കും. സംസ്ഥാനത്തെ തദ്ദേശവാർഡ് വിഭജനം നടത്താനുള്ള രണ്ട് നിയമഭേദഗതി ബില്ലുകൾ സഭതുടങ്ങുന്ന ദിവസം അവതരിപ്പിക്കുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടാതെ ഏതെല്ലാം ബില്ലുകൾ അവതരിപ്പിക്കണമെന്നത് നാളെ ചേരുന്ന കാര്യോപദേശക സമിതി തീരുമാനിക്കും.
ഫെബ്രുവരി 5നാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. അതിന്റെ വകുപ്പ് തിരിച്ചുള്ള ചർച്ചയും പാസാക്കലും സമ്മേളനത്തിൽ നടക്കും. ധനാഭ്യർത്ഥനകളും പാസാക്കും. ആദ്യ ബാച്ച് ഉപധനാഭ്യർത്ഥകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകളും സഭ പാസാക്കും.ബഡ്ജറ്റിലെ ധനാഭ്യർത്ഥനകളുടെ സൂക്ഷ്മപരിശോധന അതത് സബ്ജക്ട് കമ്മിറ്റികൾ നിർവ്വഹിച്ചിട്ടുണ്ട്. ജൂൺ 11മുതൽ ജൂലായ് 8വരെ 13ദിവസം ധനാഭ്യർത്ഥനകൾ പാസ്സാക്കുന്നതിന് നീക്കിവച്ചു. അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8ദിവസം ഗവണ്മെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. നാളെ രാവിലെ ചോദ്യവേളയ്ക്ക് ശേഷം അൽപസമയം സഭ നിറുത്തിവച്ച് മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോയെടുക്കും.കെ.രാധാകൃഷ്ണനും ഷാഫി പറമ്പിലും എം.പി.മാരായി പോകുന്നതിനാൽ ഇനി അതിന് അവസരം കിട്ടില്ല.ഇരുവർക്കും 17വരെ സഭയിൽ തുടരാം.
ആദ്യദിവസം തദ്ദേശവാർഡ് വിഭജനം സംബന്ധിച്ച 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ,2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ മന്ത്രി എം.ബി.രാജേഷ് അവതരിപ്പിക്കും.ഇത് സബ്ജക്ട് കമ്മിറ്റിക്ക് വിടും.നേരത്തെ ഈ ഭേദഗതികൾ ഓർഡിനൻസായി ഇറക്കാൻ സർക്കാർ ഒരുങ്ങിയെങ്കിലും സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ തടഞ്ഞതോടെയാണ് സഭയിൽ അവതരിപ്പിക്കാനുളള തീരുമാനം. 13,14,15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് നടക്കും. ഈ ദിവസങ്ങളിൽ നിയമസഭ ചേരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |