മുംബയ്: മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മീര ഭയന്താർ മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നരേന്ദ്ര മേത്തയുടെ പ്രചാരണ പരിപാടികളിൽ ആവേശം പകർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹാരാഷ്‌ട്ര ഇങ്ങെടുക്കണമെന്നും ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും സുരേഷ് ഗോപി പ്രസംഗത്തിനിടെ പ്രഖ്യാപിച്ചു. കേരള സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ നേതാക്കളായ ഉത്തം കുമാർ, മധു നായർ, മുഹമ്മദ് സിദ്ദിഖി തുടങ്ങിയവർ പ്രസംഗിച്ചു.
വസാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി സ്‌നേഹ ദുബെയുടെ പ്രചാരണ യോഗത്തിലും സുരേഷ് ഗോപി പ്രസംഗിച്ചു. നവംബർ 20നാണ് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് നടക്കുന്നത്.
മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷമായ മഹായുതിയും എൻസിപിയുടെ ശരദ് പവാർ, ശിവ സേനയുടെ ഉദ്ദവ് താക്കറെ എന്നിവർ നയിക്കുന്ന മഹാ വികാസ് അഘാഡിയും തമ്മിലാണ് പ്രധാന പോരാട്ടം. 288 നിയമസഭാ മണ്ഡലങ്ങളിലാണ് മത്സരം നടക്കുന്നത്. നിലവിൽ നിയമസഭയിൽ ബിജെപിക്ക് 102 സീറ്റും എൻസിപി അജിത് പവാർ പക്ഷത്തിന് 40 സീറ്റും ഷിൻഡെ വിഭാഗം ശിവസേനയ്ക്ക് 38 സീറ്റും മറ്റ് പാർട്ടികൾക്കുചേർന്ന് 24 സീറ്റുമാണുള്ളത്. ആഴ്‌ചകളോളം നീണ്ട ആവേശ പ്രചാരണങ്ങൾക്കൊടുവിൽ സംസ്ഥാനത്ത് ഇന്ന് കലാശക്കൊട്ടാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബർ 20ന് മഹാരാഷ്‌ട്ര സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |