തൃശൂർ: ഹരിയാന കേന്ദ്രീകരിച്ച് പ്രൊഫഷണൽ എ.ടി.എം കവർച്ചാസംഘങ്ങൾ സജീവമാണെന്നും തൃശൂർ അടക്കമുള്ള ജില്ലകൾ ലക്ഷ്യമിടുന്നതായും ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചെങ്കിലും ഗൗരവമായെടുത്തില്ലെന്ന് ആക്ഷേപം. തൃശൂരിലെ റോഡുകളും എ.ടി.എം കേന്ദ്രങ്ങളും കവർച്ച നടത്തി രക്ഷപ്പെടാനുള്ള റൂട്ടും തട്ടിപ്പുകാർ മുൻകൂട്ടി ഉറപ്പാക്കിയിരുന്നു. ഇതിനായി പലതവണ തട്ടിപ്പുസംഘം തൃശൂരിലെത്തിയിരുന്നുവെന്ന് വ്യക്തം.
വൻകിട ജൂവലറികളും ബാങ്കുകളുടെ ആസ്ഥാനങ്ങളും ചിട്ടിക്കമ്പനികളും ഉള്ളതിനാൽ വൻ സാമ്പത്തിക ഇടപാടുകൾ നടക്കുമെന്നും എ.ടി.എമ്മുകളിൽ എപ്പോഴും പണം ഉണ്ടാകുമെന്നും കണക്കുകൂട്ടി തട്ടിപ്പിന്
തൃശൂർ തിരഞ്ഞെടുത്തെന്നാണ് നിഗമനം.അതിർത്തി കടക്കാനുള്ള സൗകര്യവും കണക്കിലെടുത്തു.
എ.ടി.എം തട്ടിപ്പിലെ പുലികൾ
ഹരിയാന തട്ടിപ്പുസംഘങ്ങളിൽ ഭൂരിഭാഗവും എ.ടി.എം തട്ടിപ്പുകളിൽ കേമൻമാരാണ്. മറ്റ് തട്ടിപ്പുകൾക്ക് ശ്രമിക്കാറില്ല. ഒറ്റ ഓപ്പറേഷനിൽ പരമാവധി എ.ടി.എമ്മുകൾ കൊള്ളയടിച്ച് കോടികൾ സമ്പാദിച്ച് ആഡംബര ജീവിതം നയിക്കും. ആ പണം കൊണ്ട് ബിസിനസും തുടങ്ങും. കണ്ടെയ്‌നർ ലോറികൾ മുതൽ ആയുധങ്ങൾ വരെ ശേഖരിക്കും. തമിഴ്‌നാട്ടിൽ കണ്ടെയ്‌നർ ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചതോടെയാണ് കവർച്ച നടന്ന ദിവസം തന്നെ കുടുങ്ങിയത്. നിറുത്താതെ പോയപ്പോൾ നാട്ടുകാർ കല്ലെറിഞ്ഞു. കഴിഞ്ഞ ജൂണിൽ സേലം കൃഷ്ണഗിരിയിലെ എ.ടി.എമ്മുകളിൽ നിന്ന് 15 ലക്ഷം രൂപ കവർന്ന കേസിൽ ഈ സംഘത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.
കണ്ടെയ്‌നർ ലോറിയെ
കുറിച്ചും അന്വേഷണം ?
ഡൽഹിയിൽ നിന്നു ചെന്നൈയിലേക്ക് സാധനങ്ങളുമായി വന്ന കണ്ടെയ്‌നർ ലോറി ചെന്നൈയിൽ നിന്നു കേരളത്തിലെത്തിച്ചുവെന്നാണ് വിവരം.
ലോറിയിൽ നിന്നു കാറും പണത്തോടൊപ്പം മൂന്ന് തോക്കും കത്തികളും കണ്ടെത്തിയിരുന്നു. ഇത്തരം ലോറികൾ ഉപയോഗിച്ചുള്ള കവർച്ചകൾ കൂടുന്നുണ്ടെന്നാണ് വിവരം. മോഷ്ടിക്കുന്ന ബൈക്കും മറ്റും കണ്ടെയ്‌നർ ലോറികൾ വഴി കടത്തുന്നതായി പൊലീസ് സംശയിക്കുന്നു. കവർച്ചയ്ക്ക് ഉപയോഗിക്കുന്ന കാറുകൾ കണ്ടെയ്‌നർ ലോറികളിൽ കയറ്റിക്കൊണ്ടുപോകുമ്പോൾ സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ച് കണ്ടെത്താനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |