തൃശൂർ/കൊച്ചി: യോഗ്യതയും രജിസ്ട്രേഷനും ഇല്ലാത്ത പാരമ്പര്യവെെദ്യ ചികിത്സയെ സുപ്രീംകോടതി ഏഴ് വർഷം മുൻപ് വിലക്കിയെങ്കിലും നാട്ടുവൈദ്യത്തിനായി കമ്മിഷൻ രൂപീകരിക്കാൻ സംസ്ഥാന സർക്കാർ. നാട്ടു,പാരമ്പര്യ വൈദ്യ കമ്മിഷനും ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിക്കാനും പ്രാഥമിക ചെലവുകൾക്കുമായി ഒരു കോടി ബഡ്ജറ്റിൽ നീക്കിവച്ചതിന് പിന്നാലെയാണ്,നിയമതടസം മറികടക്കാനുള്ള ആലോചന നടക്കുന്നത്.
അതേസമയം,സർക്കാരിന്റെ ഈ തീരുമാനം ആയുർവേദ മേഖലയ്ക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സർക്കാർ ഈ നടപടിയുമായി മുന്നോട്ടുപോയാൽ പ്രതിഷേധ,നിയമനടപടികൾ സ്വീകരിക്കാനും ആയുർവേദ സംഘടനകൾ തീരുമാനിച്ചു. ആയുർവേദ ടൂറിസത്തിനും തിരിച്ചടിയാകുന്ന നടപടി കേരളത്തിലെ കാൽലക്ഷം ഡോക്ടർമാരെയും 18 മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥികളെയും വെല്ലുവിളിക്കുന്നതാണും സംഘടനകൾ ആരോപിക്കുന്നു.
സ്ഥാപനങ്ങളിൽ നിന്ന് ശാസ്ത്രീയ പഠനം പൂർത്തിയാക്കിയവർക്കേ രജിസ്ട്രേഷനോടുകൂടി ചികിത്സിക്കാൻ കഴിയൂവെന്ന് 2003ൽ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വൈദ്യന്മാരുടെ സംഘടന അപ്പീൽ സമർപ്പിച്ചെങ്കിലും 2018ൽ സുപ്രീംകോടതിയും ശരിവച്ചു. അംഗീകൃത കോഴ്സ് പൂർത്തിയാക്കിയവർക്കേ ഡോക്‌ടറായി പ്രാക്ടീസ് ചെയ്യാൻ കഴിയൂവെന്ന് 1970ൽ പാർലമെന്റ് പാസാക്കിയ ഇന്ത്യൻ സെൻട്രൽ മെഡിക്കൽ കൗൺസിൽ നിയമവും നിലവിലുണ്ട്.
ഗവേഷണ കേന്ദ്രമുണ്ടായിട്ടും...
'ദ ട്രെഡീഷണൽ നോളജ് ഇന്നവേഷൻ കേരള' എന്ന പേരിൽ ആയുർവേദ വിദ്യാഭ്യാസവകുപ്പിൽ നാട്ടു,പാരമ്പര്യ ചികിത്സാസംരക്ഷണ പദ്ധതി നടക്കുന്നുണ്ട്. കണ്ണൂരിൽ കോടികൾ ചെലവഴിച്ച് പണി തുടങ്ങിയ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രവും സഹായകമാകും. ഇതിനിടയിലാണ് പുതിയൊരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത്.
ഉപേക്ഷിച്ചത് വീണ്ടും
കേരളം നേടിയ ആരോഗ്യപുരോഗതിയെ പിന്നാട്ടടിക്കുന്ന നടപടി മനുഷ്യജീവന് അപായകരവും പരിഷ്‌കൃതസമൂഹത്തിന് അപമാനവുമാണ്.
-ഡോ.സി.ഡി. ലീന
സംസ്ഥാന പ്രസിഡന്റ്
എ.എം.എ.ഐ
ചികിത്സ അറിയുമെന്ന് പറയുന്നവർക്കെല്ലാം ചികിത്സയ്ക്ക് അനുമതി നൽകിയാൽ പൊതുജനാരോഗ്യം തകരും.
-ഡോ.കെ.സി.അജിത്കുമാർ
ജനറൽ സെക്രട്ടറി
എ.എം.എ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |