SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.17 PM IST

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്‌മാൻ ആരോഗ്യ മന്ദിറും,​ ​കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങി കേരളം

Increase Font Size Decrease Font Size Print Page
ayushman

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ബോർഡിൽ ഇനി ആയുഷ്‌മാൻ ആരോഗ്യമന്ദിർ എന്ന പേരും ചേർക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി,​ കേന്ദ്രസർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് തീരുമാനം.

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേര് ആയുഷ്‌മാൻ ആരോഗ്യമന്ദിർ എന്നാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരുന്നു.എന്നാൽ പേര് മാറ്റില്ലെന്നായിരുന്നു സർക്കാർ നിലപാടെടുത്തത്. പേരുമാറ്റം ഒരു ജനതയ്ക്ക് നേരെയുള്ള കടന്നുകയറ്റം എന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്. പേരുമാറ്റം കേരളത്തിൽ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.

എന്നാൽ പേരുമാറ്റാത്തതിനാൽ സംസ്ഥാനത്തെ ആരോഗ്യപദ്ധതിക്കുള്ള എൻ.എച്ച്.എം ഫണ്ട് അനുവദിച്ചിരുന്നില്ല. ബോർഡിൽ ആയുഷ്‌മാൻ ആരോഗ്യ മന്ദിർ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും എഴുതണം കൂടാതെ കേരള സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടാവണം. ആരോഗ്യം പരമം ധനം എന്ന ടാഗ്‌ലൈനും പേരിനൊപ്പം ചേർക്കണം. 2023 ഡിസംബറിനുള്ളിൽ ഇത് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ ആശുപത്രികളുടെ പേര് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഇനിയും ആ പേരുകളില്‍ തന്നെ അറിയപ്പെടും. നെയിം ബോര്‍ഡുകളില്‍ ആ പേരുകളാണ് ഉണ്ടാകുക. ബ്രാന്‍ഡിംഗായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 'ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍', 'ആരോഗ്യം പരമം ധനം' എന്നീ ടാഗ് ലൈനുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മറിച്ചുള്ള പ്രചരണം തെറ്റാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. .

TAGS: PRIMARY HEALTH CENTER, PH CENTER, AYUSHNA AROGYA MANDIR, VEENA GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY