
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾ മാർച്ചിൽ തുടങ്ങാനിരിക്കെ സംസ്ഥാനം അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചതും പ്രശ്നമായി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആശങ്ക.
നികുതി വരുമാനത്തിനു പുറമെ 2,000 കോടി രൂപ കേരളത്തിന് ഓരോ മാസവും അധികമായി ചെലവാകാറുണ്ട്. കടമെടുപ്പിലൂടെയാണ് ഇത് കണ്ടെത്തുന്നത്. സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ കരാറുകാർക്കും മറ്റും ബില്ല് മാറി നൽകേണ്ടതിനാൽ ചെലവ് കുത്തനെ ഉയരും. അവസാന പാദത്തിൽ കരാറുകാർക്കും മറ്റുമായി 20,000 കോടി നൽകേണ്ടി വരും. ശമ്പളവും പെൻഷനും നൽകാൻ 15,000 കോടി രൂപ വേറെയും വേണ്ടിവരും. ക്ഷേമപെൻഷൻ 2,000രൂപയായി വർദ്ധിപ്പിച്ചതിനാൽ വിതരണത്തിന് കൂടുതൽ തുകയും വേണം. നിലവിലെ സാഹചര്യത്തിൽ ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.
പ്രതിസന്ധിയുടെ 5കാരണങ്ങൾ
1. ഇതുവരെയുള്ള ഓഡിറ്റ് അനുസരിച്ച് വരവിനെക്കാൾ 39,023 കോടിരൂപയാണ് സംസ്ഥാനത്തിന്റെ അധിക ചെലവ്. കഴിഞ്ഞ സാമ്പത്തികവർഷം 28,976കോടിയായിരുന്നു വരവും ചെലവും തമ്മിലെ അന്തരം.
2. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജി.എസ്.ടിയും ഭൂനികുതിയും കുറഞ്ഞു. 13,074 കോടി രൂപയുടെ കേന്ദ്രഗ്രാൻഡിൽ ഇതുവരെ കിട്ടിയത് 2,109 കോടി മാത്രം. വിവിധ സ്‌കീമുകളിൽ കേന്ദ്രവുമായുള്ള തർക്കങ്ങളും കേന്ദ്രാവിഷ്‌കൃത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാത്തതുമാണ് കാരണം.
3. ജനുവരി മുതൽ മാർച്ച് വരെ 12,515 കോടി രൂപയാണ് കടമെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. ഇതിൽ 5,944 കോടി രൂപയുടെ കുറവ് കേന്ദ്രം വരുത്തി ഇനി ബാക്കിയുള്ളത് 5,672 കോടി രൂപ മാത്രം.
4. സംസ്ഥാനസർക്കാർ ഗാരന്റിയുടെ തിരിച്ചടവ് ഉറപ്പാക്കാനുള്ള കരുതൽ ഫണ്ട് രൂപീകരിക്കാത്തതിന്റെ പേരിൽ തടഞ്ഞുവച്ച 3300കോടി അനുവദിക്കാമെന്ന ഉറപ്പിൽനിന്ന് കേന്ദ്രം അപ്രതീക്ഷിതമായി പിൻമാറി.
5. ശമ്പളപരിഷ്‌കരണം പ്രഖ്യാപിച്ചാൽ ഏപ്രിലിൽ മാത്രം 2000കോടിയുടെ എങ്കിലും അധികചെലവുണ്ടാകും. ബഡ്ജറ്റിലൂടെയുണ്ടാകാനിടയുള്ള പുതിയ ആനുകൂല്യങ്ങൾ ഏപ്രിൽ മുതൽ നൽകിതുടങ്ങാനും പണം കണ്ടെത്തേണ്ടിവരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |