കൊച്ചി: പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് സൂക്ഷിച്ച ബാലറ്റ് ബോക്സ് ട്രഷറിയിൽ നിന്ന് അപ്രത്യക്ഷമായ സംഭവം അതീവഗൗരവമുള്ളതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ തിരഞ്ഞെടുപ്പ് കമ്മിഷനെയും സബ് കളക്ടറെയും സ്വമേധയാ കക്ഷി ചേർത്തു. മുസ്ലീം ലീഗിലെ നജീബ് കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്ത് എൽ.ഡി.എഫ് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദേശം .
നജീബ് തിരഞ്ഞെടുക്കപ്പെട്ടത് 38 വോട്ടിനാണ്. ഇതിനെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി നൽകിയ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് നജീബ് നൽകിയ തടസ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഹർജി വിശദമായ വാദത്തിന് കോടതി പരിഗണിക്കുന്നതിനിടെയാണ് പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോംഗ് റൂമിൽ നിന്ന് ബാലറ്റ് ബോക്സ് കാണാതായത്. മലപ്പുറം സിവിൽ സ്റ്റേഷനിലെ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് ഈ ബോക്സ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
340 പോസ്റ്റൽ വോട്ടുകൾ സാങ്കേതിക കാരണങ്ങളുടെ പേരിൽ എണ്ണാതിരുന്നതിൽ വിശദമായ പരിശോധന ആവശ്യമാണെന്ന് വിലയിരുത്തിയാണ് തടസ ഹർജി കോടതി തള്ളിയത്. കണ്ടെത്തിയ പെട്ടി ഇന്നലെ രാവിലെ കേസ് പരിഗണിക്കും മുമ്പ് ഹൈക്കോടതിയിൽ ഹാജരാക്കി.
ബാലറ്റ് ബോക്സ് കാണാതായത് കോടതിയുടെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് നജീബ് ആവശ്യപ്പെട്ടു. ബാലറ്റ് ബോക്സ് ഹൈക്കോടതിയുടെ സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. ഹർജി 31ന് പരിഗണിക്കാൻ മാറ്റി.
വോട്ട് പെട്ടി മാറ്റിയ സംഭവം:
നാല്ഉദ്യോഗസ്ഥർക്ക് കാരണം
കാണിക്കൽ നോട്ടീസ്
മലപ്പുറം: പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോംഗ് റൂമിൽ നിന്ന് കാണാതായ സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി മലപ്പുറം സഹകരണ സംഘം ജനറൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ കണ്ടെത്തിയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ കാരണം കാണിക്കൽ നോട്ടീസ് നൽകി.
വോട്ട് പെട്ടി കൈമാറിയ പെരിന്തൽമണ്ണ സബ് ട്രഷറി ഓഫീസർ, സെക്ഷൻ ഓഫീസർ, കൈപ്പറ്റിയ മലപ്പുറം സഹകരണ സംഘം ജനറൽ ഓഫീസിലെ മുൻ ജോയിന്റ് രജിസ്ട്രാർ, സീനിയർ ഇൻസ്പെക്ടർ എന്നിവർക്കാണ് ഏഴ് ദിവസത്തിനകം മറുപടിയാവശ്യപ്പെട്ട് ഇന്നലെ രാവിലെ നോട്ടീസ് നൽകിയത്. അശ്രദ്ധയെ തുടർന്ന് പെട്ടി മാറിപ്പോയെന്നാണ്
പ്രാഥമികാന്വേഷണം നടത്തിയ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷിനോട് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. സബ് കളക്ടറുടെ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ തിങ്കളാഴ്ച അർദ്ധ രാത്രിയോടെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് സമർപ്പിച്ചു. ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് പെരിന്തൽമണ്ണ മണ്ഡലത്തിലെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫ നൽകിയ ഹർജിയിൽ തെളിവായി സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റാനായി തിങ്കളാഴ്ച സ്ട്രോഗ് റൂം തുറന്നപ്പോഴാണ് ഒരു പെട്ടി കാണാതായ വിവരം പുറത്തുവന്നത്.തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെയും പെരിന്തൽമണ്ണ നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പിന്റെയും ബാലറ്റുകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെയുള്ളവ നശിപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതിനായി സബ് ട്രഷറിയിൽ നിന്ന് ബാലറ്റ് പെട്ടികൾ ശേഖരിച്ചപ്പോൾ അബദ്ധത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടി ഉൾപ്പെട്ടതാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. അതേസമയം, നശിപ്പിക്കാൻ ഏറ്റുവാങ്ങിയ ബാലറ്റുകൾ നശിപ്പിക്കാൻ വൈകിയത് സംബന്ധിച്ച് വ്യക്തമായ മറുപടി അധികൃതർ നൽകുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശമനുസരിച്ചാവും തുടർ നടപടികളെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പോസ്റ്റൽ ബാലറ്റുകൾ മാറ്റിയസംഭവത്തിൽ
സമഗ്ര അന്വേഷണം വേണം: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾ മാറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. നിഷ്പക്ഷവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് സംവിധാനത്തെ വെല്ലുവിളിക്കുന്നതാണ് ഇത്തരം നടപടികൾ. ഉദ്യോഗസ്ഥതലത്തിൽ മാത്രമല്ല, അധികാരത്തിലിരിക്കുന്നവർക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ട് വരണം. കസ്റ്റഡിയിലുള്ള ബാലറ്റുകൾ മാറ്റുന്നതിന് കോടതിയെയും ബന്ധപ്പെട്ട കക്ഷികളെയും അറിയിക്കുന്നത് നിർബന്ധമാണ്. എന്നാൽ ഇവിടെ അത്തരം നടപടിക്രമങ്ങൾ പാലിച്ചിട്ടില്ല. സബ് കളക്ടറെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും കക്ഷി ചേർക്കാൻ കോടതി ആവശ്യപ്പെട്ടത് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വോട്ടുപെട്ടി മാറ്റം:
ട്രഷറിയിൽ
അന്വേഷണം
പെരിന്തൽമണ്ണ: സബ്ട്രഷറിയിൽ സൂക്ഷിച്ച സ്പെഷ്യൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി കാണാതാവുകയും മലപ്പുറം ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്ന് കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ ട്രഷറി വകുപ്പ് മദ്ധ്യമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ടി.സി. സുരേഷ് പെരിന്തൽമണ്ണ സബ്ട്രഷറിയിലെത്തി അന്വേഷണം നടത്തി. റിപ്പോർട്ട് ട്രഷറി വകുപ്പ് ഡയറക്ടർക്ക് നൽകും.
ചൊവ്വാഴ്ച രാവിലെ പത്തോടെയായിരുന്നു പരിശോധന. ജില്ലാ ട്രഷറി ഓഫീസർ കെ.സി. പ്രവീണും സ്ഥലത്തെത്തിയിരുന്നു. രേഖകളും മറ്റും പരിശോധിച്ച ഡെപ്യൂട്ടി ഡയറക്ടർ, സബ്ട്രഷറി ഓഫീസർ എൻ. സതീഷ്കുമാർ അടക്കമുള്ളവരോട് വിവരങ്ങൾ ആരാഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |