ബ്രഹ്മപുരം നിവാസികൾ പുറത്തിറങ്ങരുത്
കൊച്ചി: മൂന്നു ദിവസം ശ്രമിച്ചിട്ടും കെടുത്താൻ കഴിയാത്ത ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പ്ളാസ്റ്റിക് ഉൾപ്പെടെ കത്തിയുള്ള വിഷപ്പുക ശ്വസിച്ച് ജില്ലാ ഫയർഓഫീസർ അടക്കം 20 പേർ ചികിത്സ തേടി. ചിലർ ചുമച്ച് രക്തംതുപ്പുകയും ചെയ്തു. അതേസമയം, തീപിടിത്തം അട്ടിമറിയാണെന്ന സംശയം ബലപ്പെട്ടു.
ബ്രഹ്മപുരം, കാക്കനാട്, തൃപ്പൂണിത്തുറ, പശ്ചിമകൊച്ചി പ്രദേശങ്ങളിൽ രാത്രിയും പകലും മൂടൽമഞ്ഞുപോലെ പുക വ്യാപിക്കുകയാണ്. ബ്രഹ്മപുരത്തെ ജനങ്ങൾ ഇന്ന് വാതിലും ജനലുകളും അടച്ച് വീട്ടിൽ തന്നെയിരിക്കണമെന്നും വ്യാപാരസ്ഥാപനങ്ങളൊന്നും തുറക്കരുതെന്നും ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിട്ടു. എറണാകുളം നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും എല്ലാ ആശുപത്രികളും ആവശ്യത്തിന് ഓക്സിജൻ ശേഖരം കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്നലെ വ്യോമസേനാ ഹെലികോപ്റ്ററുകൾ വെള്ളം തളിക്കാൻ ശ്രമിച്ചെങ്കിലും കനത്ത പുക വിഘാതമായി. തുടർന്ന് ഹെലികോപ്റ്ററുകൾ മടങ്ങി. ഏഴ് അഗ്നിശമനസേനാ യൂണിറ്റുകൾ വ്യാഴാഴ്ച വൈകിട്ടുമുതൽ പ്ളാസ്റ്റിക്ക് കുന്നുകളിലേക്ക് വെള്ളം പമ്പു ചെയ്തുകൊണ്ടിരിക്കുകയാണ്. തീയുടെ ശക്തി കുറഞ്ഞെങ്കിലും പുക ശക്തമായി പരക്കുന്നുണ്ട്.
കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെയും സിയാലിന്റെയും ഫയർഫോഴ്സ് യൂണിറ്റുകളെ ഇന്ന് വിന്യസിക്കും. കടമ്പ്രയാറിൽ നിന്ന് നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് രണ്ടു വലിയ പമ്പുകളും ഇന്ന് എത്തിക്കും.
ഒരേസമയം പലയിടത്ത് തീ പടർന്നു
അമ്പതോളം ഏക്കറിൽ പടർന്നു കിടക്കുന്ന മാലിന്യമലകളുടെ പലഭാഗത്തും ഒരേ സമയം തീപിടിച്ചതാണ് അട്ടിമറി സംശയത്തിന് പ്രധാന കാരണം. കരാറുകളുമായി ബന്ധപ്പെട്ട് ഗൂഢലക്ഷ്യങ്ങളുണ്ടെന്നാണ് അനുമാനം.
അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്നലെ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമന് ചീഫ് സെക്രട്ടറി വി.പി.ജോയി നിർദ്ദേശം നൽകി.
പത്തു വർഷമായി വേനൽക്കാലത്ത് പ്ലാന്റിൽ തീപിടിത്തം തുടർക്കഥയാണ്.
കോടികളുടെ അഴിമതി പ്ളാന്റ്
കൊച്ചി കോർപ്പറേഷന്റെ വെള്ളാനയാണ് മാലിന്യപ്ളാന്റ്. മാലിന്യം ശേഖരണം, പ്ളാന്റ് നടത്തിപ്പ്, പ്ളാസ്റ്റിക് വിൽപ്പന, മണ്ണടിക്കൽ തുടങ്ങിയ കരാറുകളിൽ ഓരാേ വർഷവും കോടികളാണ് മറിയുന്നത്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളിൽ കുറേപ്പേരുടെയും സ്വർണഖനിയാണിത്
12 വർഷത്തോളം പ്ളാന്റ് നടത്തിയത് ഒരാളാണ്. കഴിഞ്ഞ വർഷം മുതൽ പുതിയ കമ്പനിക്കാണ് കരാർ. ഇതേ ചൊല്ലി ഭരണപക്ഷത്ത് തന്നെ എതിർപ്പുണ്ടായി. രണ്ട് വർഷത്തേക്ക് നൽകിയ കരാർ ഒരു വർഷമാക്കി കുറച്ചു. പുതിയ കരാറുകാരൻ രണ്ട് കോടി മുടക്കി പുതിയ പ്ളാന്റ് സ്ഥാപിച്ചിട്ടുണ്ട്. കുഴിച്ചിടുന്ന മാലിന്യത്തിന് മേലെ മണ്ണടിക്കാനും കോടികൾക്കാണ് കരാർ. ഇതിനു പുറമേ, കുഴിച്ചിട്ട പ്ളാസ്റ്റിക് മാലിന്യം വീണ്ടെടുത്ത് സംസ്കരിക്കുന്ന ബയോമൈനിംഗിന് കഴിഞ്ഞ വർഷം 55 കോടിയുടെ കരാറുണ്ടാക്കി. ഈ ജോലി ഇപ്പോൾ പുരോഗമിക്കുകയാണ്.
• 104 ഏക്കറിലെ പ്ളാന്റ്
കൊച്ചിൻ കോർപ്പറേഷൻ വിലയ്ക്ക് വാങ്ങിയ, പുത്തൻകുരിശ് പഞ്ചായത്തിലെ കടമ്പ്രയാറിന്റെ തീരത്തുള്ള 104 ഏക്കറിലാണ് കേരളത്തിലെ ഏറ്റവും വലിയ ഖരമാലിന്യപ്ളാന്റ്. നഗരത്തിലെയും അഞ്ചു മുനിസിപ്പാലിറ്റികളിലെയും മൂന്നു പഞ്ചായത്തുകളിലെയും മാലിന്യങ്ങൾ തള്ളുന്നത് ഇവിടെയാണ്.
മാലിന്യക്കണക്ക്
(ദിവസേന)
180 ടൺ:
ജൈവമാലിന്യം
75 ലോഡ്:
പ്ളാസ്റ്റിക് മാലിന്യം
50000 ടൺ:
ഒരുവർഷം
കുന്നുകൂടുന്ന പ്ളാസ്റ്റിക്ക്
പ്രദേശത്ത് കൂടുതൽ ഓക്‌സിജൻ കിയോസ്‌കുകൾ സജ്ജമാക്കും. അടിയന്തര സാഹചര്യത്തെ നേരിടാൻ ആശുപത്രികൾ തയ്യാറാണ്.
ഡോ.രേണുരാജ്
ജില്ലാ കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |