#ഒരാളുടെ മരണത്തിൽ സർക്കാർ റിപ്പോർട്ട് നൽകണം
# നഗരസഭയ്ക്കെതിരെ നടപടി ഇന്നറിയിക്കണം
കൊച്ചി: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമങ്ങളെല്ലാം ലംഘിച്ചാണ് ബ്രഹ്മപുരത്ത് മാലിന്യ പ്ളാന്റിന്റെ പ്രവർത്തനമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, പ്ളാന്റ് നടത്താൻ കരാർ നൽകിയതിന്റെ രേഖകൾ കൊച്ചി നഗരസഭ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഏഴു വർഷത്തിനിടെ കരാറുകാർക്ക് എത്ര കോടി രൂപ നൽകിയെന്ന കണക്കും ഹാജരാക്കണം. നഗരസഭയ്ക്കും പ്ളാന്റിന്റെ നടത്തിപ്പുകാർക്കുമെതിരെ സ്വീകരിക്കുന്ന നടപടികൾ മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻജിനീയർ ഇന്നറിയിക്കാനും ജസ്റ്റിസ് എസ്.വി. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.
ബ്രഹ്മപുരം പ്ളാന്റിലെ തീ പിടിത്തത്തെത്തുടർന്നു സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണിത്. വിഷപ്പുക ശ്വസിച്ച് ഒരാൾ മരിച്ചെന്ന് അഭിഭാഷകരിൽ ഒരാൾ അറിയിച്ചപ്പോൾ അങ്ങനെ സംഭവിച്ചാൽ അതു മഹാദുരന്തമായിരിക്കുമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ സത്യാവസ്ഥ അന്വേഷിച്ച് ഇന്നു സർക്കാർ റിപ്പോർട്ടു നൽകണം. ബ്രഹ്മപുരവുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതി ഇന്നു പരിഗണിക്കാൻ മാറ്റി.
# തീ നിയന്ത്രിച്ചെന്ന് കളക്ടർ
90 - 95 ശതമാനം തീ നിയന്ത്രിക്കാനായെന്നും ഏഴു സെക്ടറുകളിലെയും തീ കെടുത്തിയെങ്കിലും ഇന്നലെ രാവിലെ ഒന്നാം സെക്ടറിൽ മാലിന്യം പുകഞ്ഞു കത്തുന്ന സാഹചര്യമുണ്ടായെന്നും ഓൺലൈനിൽ ഹാജരായ ജില്ലാ കളക്ടർ എൻ.എസ്. കെ. ഉമേഷ് അറിയിച്ചു. വൈകുന്നേരത്തോടെ ഇതും അണച്ചു. ന്യൂയോർക്ക് നഗരത്തിലെ ഫയർ ഫോഴ്‌സ് ഡെപ്യൂട്ടി ചീഫിന്റെ അഭിപ്രായം തേടിയിരുന്നു. അന്തരീക്ഷ വായുവിലെ മലിനീകരണത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്. എം.ജി , കുസാറ്റ് തുടങ്ങിയ സർവകലാശാലകളിലെ വിദഗ്ദ്ധരുടെ സഹായം തേടിയിരുന്നു. വായുവിന്റെ ഗുണനിലവാരം പരിശോധിക്കാൻ മൊബൈൽ ലാബ് സംവിധാനം ഉപയോഗിക്കുന്നുണ്ടെന്നും സ്ഥിതി മെച്ചപ്പെട്ടെന്നും വിശദീകരിച്ചു.
# മലിനീകരണ നിയന്ത്രണ
ബോർഡിന് വിമർശനം
ഹൈക്കോടതി നിയോഗിച്ച ഉന്നതതല സമിതി റിപ്പോർട്ടിനൊപ്പം സമർപ്പിച്ച പ്ളാന്റിന്റെ ചിത്രങ്ങൾ കണ്ട് ആശങ്ക പ്രകടിപ്പിച്ച ഡിവിഷൻ ബെഞ്ച്, 30 വർഷം മുമ്പ് ഉപേക്ഷിച്ച ഏതോ ഫാക്ടറി പോലെയാണിതെന്ന് അഭിപ്രായപ്പെട്ടു. ഈ പ്ളാന്റിൽ എത്ര മാലിന്യം സംസ്കരിക്കാനാവുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻജിനീയറോട് കോടതി ആരാഞ്ഞു. നിലവിൽ കൊണ്ടുവരുന്നതിന്റെ 25 ശതമാനം മാത്രമാണെന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ വർഷങ്ങളായി ബാക്കി 75 ശതമാനം കൊണ്ടുവരുന്നതിനെതിരെ നിങ്ങളെന്തു നടപടിയെടുത്തെന്ന് ഹൈക്കോടതി ചോദിച്ചു. ഇതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചെന്നും പറഞ്ഞു.
പ്രശ്ന പരിഹാരത്തിന് ശാശ്വതമായ പരിഹാരം നിർദ്ദേശിക്കാൻ പത്തു ദിവസം സമയം വേണമെന്ന് ഓൺലൈനിൽ ഹാജരായ അഡി. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ആവശ്യപ്പെട്ടു.
ബ്രഹ്മപുരത്തെ മാലിന്യപ്രശ്നത്തിൽ തുടർ പ്രവർത്തനങ്ങൾ കൃത്യമായ ഏകോപനത്തോടെ നടത്തും. അവശ്യമായ വിദഗ്ദ്ധോപദേശം സ്വീകരിക്കും.
-മുഖ്യമന്ത്രി
പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |