കൊച്ചി: ഭൂട്ടാൻ വാഹന ഇടപാടിലെ കസ്റ്റംസ് അന്വേഷണം നടൻ അമിത് ചക്കാലയ്‌ക്കലിൽ കേന്ദ്രീകരിക്കുന്നു. അമിത് ഈ വാഹനങ്ങളുടെ ഇടനിലക്കാരനാണെന്നാണ് കസ്റ്റംസ് നിഗമനം. പിടിച്ചെടുത്ത വാഹനങ്ങളിൽ ചിലത് തന്റേതല്ലെന്ന് അമിത് അവകാശപ്പെട്ടെങ്കിലും പ്രീമിയം വാഹനങ്ങളുടെ വിൽപ്പനയിൽ താരത്തിന് നേരിട്ട് പങ്കുള്ളതായി കസ്റ്റംസിന് വിവരം ലഭിച്ചു. കോയമ്പത്തൂരിലെ വാഹനക്കച്ചവട സംഘത്തെയും നടനെയും വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.
പ്രാഥമിക അന്വേഷണമാണ് പുരോഗമിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. 200 ഓളം വാഹനങ്ങളാണ് കേരളത്തിലുള്ളത്. 38 എണ്ണമേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കിയുള്ളവയ്‌ക്കായി നടപടികൾ പുരോഗമിക്കുകയാണ്. ഇന്നലെയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അമിത്തിനെ വിളിച്ചുവരുത്തിയിരുന്നു. പിടിച്ചെടുത്ത വാഹനത്തിന്റെ രേഖകൾ അമിത് ഉദ്യോഗസ്ഥർക്ക് കൈമാറി.പരിവാഹൻ ആപ്പിൽ കൃത്രിമം കാട്ടാൻ അമിത്ത് ശ്രമിച്ചെന്നും സംശയിക്കുന്നുണ്ട്.
• രേഖകൾ ചമച്ചത് സിംല ആർ.ടി ഓഫീസിൽ
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട അന്വേഷണം ഹിമാചൽ പ്രദേശിലേക്കും വ്യാപിപ്പിച്ചു. ഭൂട്ടാൻ വാഹനങ്ങൾക്ക് സിംല റൂറൽ ആർ.ടി ഓഫീസിൽ നിന്നാണ് രേഖകൾ തരപ്പെടുത്തിയത്. എം പരിവാഹൻ വെബ്സൈറ്റിൽ ഈ വാഹനങ്ങൾ ഉൾപ്പെടുത്തിയതിലും അമിത് ചക്കാലയ്‌ക്കലിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യം ഉറപ്പാക്കാൻ ആർ.ടി ഉദ്യോസ്ഥരെയും ചോദ്യം ചെയ്യും.
ഇടനിലക്കാരനല്ല: അമിത്
സെലിബ്രിറ്റികളുടെ വാഹന ഇടനിലക്കാരനല്ല താനെന്ന് നടൻ അമിത് ചക്കാലയ്‌ക്കൽ പറഞ്ഞു. വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ പലരും വരും. പരിശോധനയ്ക്ക് തനിക്ക് സഹായികളുമുണ്ട്. കോയമ്പത്തൂർ സംഘത്തിൽ നിന്ന് വാഹനങ്ങളുടെ പാർട്‌സ് വാങ്ങാറുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളിൽ ഒന്നു മാത്രമാണ് തന്റേത്. അത് അഞ്ച് വർഷമായി താൻ ഉപയോഗിക്കുന്നതാണെന്നും അമിത് പറഞ്ഞു.
എ.ബി.സി.ഡി വഴി സിനിമയിലേക്ക്
2013ൽ ദുൽഖർ സൽമാന്റെ 'എ.ബി.സി.ഡി"യിൽ ജൂനിയർ ആർട്ടിസ്റ്റായാണ് അമിത് സിനിമയിൽ പ്രവേശിച്ചത്. 'വാരിക്കുഴിയിലെ കൊലപാതക"ത്തിലെ ഫാ. വിൻസന്റ് കൊമ്പനാണ് ശ്രദ്ധേയമായ നായകവേഷം. മെക്കാനിക്കൽ എൻജിനിയറായ അമിത് വർഷങ്ങളായി ബൈക്ക്, കാർ വില്പനയിലും സജീവമായിരുന്നു. കലൂർ പൊറ്റക്കുഴിയിലെ രാജൂസ് ഓട്ടോമൊബൈൽസ് എന്ന വർക്ക് ഷോപ്പിലാണ് അമിത് വാഹനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. അറ്റകുറ്റപ്പണികളും ഇവിടെയാണ് ചെയ്യാറ്. ചില വാഹനങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്.
പരേതനായ സാജു ജേക്കബിന്റെയും ഷെർളിയുടെയും മകനാണ് 40കാരനായ അമിത്. ഇയ്യോബിന്റെ പുസ്തകം, പ്രേതം2, സപ്തമശ്രീ തസ്കര, കെയർ ഓഫ് സയ്‌റ ബാനു, മെല്ലെ, വാരിക്കുഴിയിലെ കൊലപാതകം, യുവം, ജിബൂട്ടി, ആഹാ, പ്രാവ്, സന്തോഷം, ചിത്തിനി, ടൂ സ്ട്രോക്ക് തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |