തിരുവനന്തപുരം: പേവിഷബാധയേറ്റ് മരിച്ച കൊല്ലം വിളക്കൊടി സ്വദേശി ഏഴ് വയസുകാരി നിയയുടെ മൃതദേഹം ആലഞ്ചേരി മുസ്ളിം ജമാഅത്ത് പള്ളിയിലെത്തിച്ചു. ഖബറടക്കം ഇവിടെ നടക്കും. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചില്ല. പൊതുദർശനവും ഉണ്ടാകില്ല.
അതേസമയം വീടിനുസമീപത്തായി മാലിന്യം തള്ളുന്നത് പതിവാണെന്നും ഇവിടെ തെരുവുനായ ശല്യം രൂക്ഷമാണെന്നും കുട്ടിയുടെ അമ്മ ഹബീറ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതരിൽ നിന്നും നടപടിയുണ്ടായില്ലെന്നും എല്ലാവരും കൂടി കുഞ്ഞിനെ കടിച്ചുകീറി കൊന്നെന്നും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ സംസാരിക്കവെ അവർ അഭിപ്രായപ്പെട്ടു. നിയയുടെ അമ്മയ്‌ക്ക് ക്വാറന്റീൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് നിയ ഫൈസൽ മരിച്ചത്.
നിയയുടെ മരണത്തോടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷ ബാധയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. മരുന്നുകളോട് ശരീരം കൃത്യമായി പ്രതികരിക്കാത്ത സ്ഥിതിയിലായിരുന്നു കുട്ടി. തലച്ചോറിൽ ബാധിച്ച വൈറസിന്റെ തീവ്രത കുറയ്ക്കാനാവശ്യമായ ആന്റിവൈറൽ മരുന്നുകളെല്ലാം നൽകിയുള്ള സങ്കീർണമായ ചികിത്സയാണ് നടത്തിയതെങ്കിലും രാത്രി രണ്ടോടെ മരണം സംഭവിക്കുകയായിരുന്നു.
പീഡിയാട്രിക്സ് മെഡിസിന്റെ നേതൃത്വത്തിൽ ന്യൂറോ,കാർഡിയോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിലായിരുന്നു ചികിത്സ. അതേസമയം കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ എസ്.എ.ടിയുടെ ഇൻഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് സൗജന്യമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |