ആന്റി റാബിസ് വാക്സിൻ എടുത്തവർക്കും പേവിഷബാധ വരുന്നത് സംസ്ഥാനത്ത് ആശങ്ക പടർത്തുകയാണ്. കൊല്ലത്ത് ഏഴുവയസുകാരിക്ക് മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിച്ചതാണ് ഒടുവിലത്തെ സംഭവം. വിളക്കുടി ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയ ഫൈസലിന് ഏപ്രിൽ എട്ടിന് രാവിലെയാണ് കടിയേറ്റത്. കുട്ടി ഗുരുതര നിലയിൽ എസ്.എ.ടി ആശുപത്രി വെന്റിലേറ്ററിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ നായയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട ചില മുൻകരുതലുകൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
നായയുടെ കടിയേറ്റാൽ എട്ട് മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ്പ് എടുത്തില്ലെങ്കിൽ റാബിസ് വെെറസ് ബാധയുണ്ടാകും. നായയുടെ കടിയേറ്റ് ഉണ്ടാക്കുന്ന അണുബാധ തടയാൻ ഇക്കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കണം.
1. മുറിവ് കഴുകുക
കടിയേറ്റാൽ 20 മിനിട്ടോളം ഒഴുകുന്ന വെളളത്തിൽ സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകണം. ഈ ഘട്ടത്തിൽ 90 ശതമാനം വൈറസും നശിക്കും. തുടർന്നാണ് ചികിത്സ തേടേണ്ടത്.
2. മുറിവ് പൊതിഞ്ഞ് വയ്ക്കുക
മുറിവ് കഴുകി വൃത്തിയാക്കിയ ശേഷം അണുവിമുക്തമായ ബാർഡേജിൽ പൊതിഞ്ഞ് ഉടനടി ഡോക്ടറെ കാണുക.
3. പതിവായി ബാൻഡേജ് മാറ്റുക
നായയുടെ കടിയേറ്റ് മുറിഞ്ഞ ഭാഗത്ത് കെട്ടിയ ബാൻഡേജ് ദിവസവും മാറ്റുക. മുറിവ് അണുവിമുക്തമാക്കി വയ്ക്കുക.
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ഡോക്ടറെ അറിയിക്കണം
നായയുടെ കടിയേറ്റാൽ ചിലപ്പോൾ നാഡിയ്ക്ക് പോലും ക്ഷതം സംഭവിക്കാം. കൂടാതെ പേശികൾക്കും രക്തക്കുഴലുകൾക്കും കേടുപാടുകളും വരുത്തുന്നു. ചില നായ്ക്കളുടെ കടിയേറ്റ് അസ്ഥികൾ ഒടിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നായ്ക്കളിൽ നിന്ന് മാത്രമല്ല മറ്റ് മൃഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാം. നായയുടെ നഖങ്ങൾ കൊണ്ട് ഉണ്ടാക്കുന്ന മുറിവുകളും പേവിഷബാധയ്ക്ക് കാരണമാകുന്നു. അതിനാൽ ഇങ്ങനെ സംഭവിച്ചാൽ ഉടനെ വൈദ്യസഹായം തേടുക. ശരിയായ പ്രതിരോധം എടുത്തില്ലെങ്കിൽ ജീവനുതന്നെ ഭീഷണിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |