SignIn
Kerala Kaumudi Online
Saturday, 27 April 2024 1.37 AM IST

ബ്രഹ്മപുരം മാലിന്യം കൊച്ചി കായലിലേക്ക്

brahmapuram

കൊച്ചി: ബ്രഹ്മപുരത്ത് കത്തിയ പ്ളാസ്റ്റിക് മാലിന്യത്തിൽ നിന്നുള്ള വിഷജലം കടമ്പ്രയാറിലൂടെ ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലെയും കൊച്ചി തീരക്കടലിലെയും ആവാസ വ്യവസ്ഥയ്ക്കും പൊതുജനാരോഗ്യത്തിനും ഭീഷണിയായി. 25 ഫയർ എൻജി​നുകളും കടമ്പ്രയാറി​ൽ നി​ന്നുള്ള ഉയർന്ന ശേഷി​യുള്ള നി​രവധി​ പമ്പുകളും ഉപയോഗി​ച്ച് 12 ദി​വസം രാപ്പകൽ മാലി​ന്യമലയി​ൽ ഒഴി​ച്ച വെള്ളം ഒഴുകി​ കടമ്പ്രയാറിൽ തന്നെ തി​രി​ച്ചെത്തുന്നുണ്ട്.

പ്ളാസ്റ്റി​ക് മാലി​ന്യം കത്തി​ രൂപംകൊണ്ട വി​ഷവാതകങ്ങളുടെയും മറ്റ് മാരകമായ രാസവസ്തുക്കളുടെയും അവശിഷ്ടങ്ങൾ ഇവി​ടെയുള്ള ചാരത്തി​ലുണ്ട്. ഇത് ജലത്തി​ലൂടെയാണ് നദി​യി​ലേക്കെത്തുന്നത്. കാൻസറി​നും ജനി​തക വൈകല്യങ്ങൾക്കും കാരണമാകുന്ന ഡയോക്സി​ൻ സംബന്ധി​ച്ചാണ് ആശങ്കകൾ ഏറെയും. ഡയോക്സി​ൻ സാന്നി​ദ്ധ്യം പഠി​ക്കാൻ തി​​രുവനന്തപുരത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.ഐ.എസ്.ടി) സാമ്പി​ൾ ശേഖരി​ച്ചി​ട്ടുണ്ട്. ഇതി​ന്റെ റി​പ്പോർട്ട് കി​ട്ടി​യാലേ വ്യക്തമായ ധാരണ ലഭി​ക്കൂ.

കടമ്പ്രയാറി​ൽ നി​ന്ന് ചി​ത്രപ്പുഴ, കണി​യാമ്പുഴയി​ലൂടെയാണ് ജലം വേമ്പനാട് കായലി​ലേക്കെത്തുക. പശ്ചി​​മകൊച്ചി​യി​ലെ പൊക്കാളി​ നെൽപാടങ്ങളി​ലേക്കും ചെമ്മീൻ കെട്ടുകളി​ലേക്കും ഈ ജലം എത്തും. ഡയോക്സി​ൻ പോലുള്ള വി​ഷപദാർത്ഥങ്ങൾ ദീർഘനാൾ മത്സ്യങ്ങളി​ലും മറ്റ് ജലജീവി​കളി​ലും അവശേഷി​ക്കും. കായലി​ലെയും തീരക്കടലി​ലെയും ആവാസ വ്യവസ്ഥയെയും ബാധി​ക്കും. ഡയോക്സി​ൻ പോലുള്ള വി​ഷവസ്തുക്കൾ ഭക്ഷ്യശൃംഖലയി​ലേക്ക് എത്തുന്നത് വലി​യ പ്രത്യാഘാതമുണ്ടാക്കും. സമഗ്രവും സൂക്ഷ്മവുമായ പഠനം വേണ്ട കാര്യമാണി​ത്. നി​ലവി​ൽ വേമ്പനാട് കായലി​ലെ മലി​നീകരണം അപകടകരമാം വി​ധം കൂടുതലാണ്. കായലി​ന്റെ ഉൾപ്രദേശങ്ങളി​ലേക്ക് ബ്രഹ്മപുരത്തെ രാസമാലി​ന്യം വ്യാപി​ക്കുമോ എന്നും പഠി​ക്കേണ്ടി​വരും.

സാന്നി​ദ്ധ്യം ഉറപ്പായാൽ കുറഞ്ഞത് വർഷത്തേക്കെങ്കി​ലും ഇവി​ടെയുള്ള മത്സ്യസമ്പത്ത് മനുഷ്യ ഉപയോഗത്തി​ന് യോഗ്യമല്ലാത്ത സ്ഥി​തി​ വരുമെന്നാണ് വി​ദഗ്ദ്ധരുടെ അഭി​പ്രായം.

ഡയോക്സി​ൻ ഭീഷണി​യുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. വായുവി​ലേതിനെക്കാൾ അപകടകാരി​യാണ് ജലത്തി​ലെ ഡയോക്സി​ൻ. ഇത് നി​ർവീര്യമാകാൻ കൂടുതൽ കാലമെടുക്കും. മത്സ്യങ്ങളി​ലേക്ക് എത്തുന്നത് ഗുരുതര സ്ഥി​തി​വി​ശേഷമാണ്. എയർ ക്വാളി​റ്റി പോലെ ജലത്തി​ന്റെ മലി​നീകരണം പരി​ശോധി​ക്കപ്പെടുന്നുമി​ല്ല.

- ഡോ. അനു ഗോപി​നാഥ്, അസി​. പ്രൊഫസർ, കെമി​ക്കൽ ഓഷ്യനോഗ്രാഫി​, കുഫോസ്, കൊച്ചി​

 കടമ്പ്രയാർ

പെരുമ്പാവൂരി​ലെ അറക്കപ്പടി​യി​ൽ നി​ന്ന് ഉത്ഭവി​ക്കുന്നതാണ് കടമ്പ്രയാർ. 27 കി​.മീ ഒഴുകി​യാണ് ചി​ത്രപ്പുഴയി​ൽ പതി​ക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കി​ഴക്കമ്പലം, പുത്തൻകുരി​ശ്, എടത്തല, തൃക്കാക്കര, തൃപ്പൂണി​ത്തുറ പ്രദേശങ്ങളി​ൽ കുടി​വെള്ളത്തി​ന് ആശ്രയി​ച്ചി​രുന്നു. കി​ൻഫ്ര, സ്മാർട്ട് സി​റ്റി​, സ്പെഷ്യൽ ഇക്കണോമി​ക് സോൺ​ തുടങ്ങി​യ വ്യവസായ പ്രദേശങ്ങൾ വെള്ളത്തി​ന് ആശ്രയി​ക്കുന്നത് കടമ്പ്രയാറി​നെയാണ്. ബ്രഹ്മപുരം മാലി​ന്യപ്ളാന്റ് വന്ന ശേഷം തീർത്തും മോശമായ അവസ്ഥയി​ലാണ്. കി​ൻഫ്ര പെരി​യാറി​ൽ നി​ന്ന് നേരി​ട്ട് പൈപ്പി​ട്ട് വെള്ളം എത്തി​ക്കാനുള്ള ജോലി​കൾക്ക് തുടക്കം കുറി​ച്ചു.

 നീളം : 27 കി​ലോമീറ്റർ​

 വൃഷ്ടി​പ്രദേശം : 115 ചതുരശ്ര കി​.മീ.

 വന്നു ചേരുന്ന തോടുകൾ : 8 എണ്ണം

 തുടക്കം: പെരുമ്പാവൂർ അറക്കപ്പടി​യി​ൽ

 അവസാനം : തൃപ്പൂണിത്തുറ ചി​ത്രപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BRAHMAPURAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.