തിരുവനന്തപുരം: ഹാംഗറിലേക്ക് മാറ്റിയ എഫ് 35 ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തകരാർ പരിശോധിക്കുന്നതിന് നടപടികൾ ആരംഭിച്ചു. യുദ്ധവിമാനം വിമാനത്താവളത്തിൽ നിർത്തിയിടുന്നതിന്റെ വാടക അദാനി കമ്പനി ബ്രിട്ടീഷ് അധികൃതരിൽ നിന്ന് ഈടാക്കുമെന്നാണ് വിവരം. എഫ് 35 വിമാനത്തിന്റെ വലിപ്പം കണക്കിലെടുത്ത് 10,000 രൂപ മുതൽ 20,000 രൂപ വരെയായിരിക്കും പ്രതിദിന വാടക. കഴിഞ്ഞ 24 ദിവസമായി ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരത്തുണ്ട്.
വിമാനം ലാൻഡ് ചെയ്യാൻ രണ്ട് ലക്ഷം രൂപവരെയാണ് വിമാനത്താവളത്തിന് നൽകേണ്ടത്. എഫ് 35 യുദ്ധവിമാനത്തിന് പുറമെ കഴിഞ്ഞദിവസം വിദഗ്ദ്ധ സംഘവുമായി ബ്രിട്ടനിൽ നിന്നെത്തിയ എയർബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാൻഡിംഗ് ചാർജ് നൽകേണ്ടിവരും.
ബ്രിട്ടണിൽ നിന്നുമെത്തിയ 14 അംഗ സാങ്കേതിക വിദഗ്ദ്ധ സംഘം പരിശോധനകൾ തുടങ്ങിയിരിക്കുകയാണ്. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്റെയും ബ്രിട്ടീഷ് സേനയുടെയും എൻജിനിയർമാരാണ് വിദഗ്ദ്ധ സംഘത്തിൽ ഉൾപ്പെടുന്നത്. നഗരത്തിലെ സ്വകാര്യ ഹോട്ടലിലാണ് ഇവർ താമസിക്കുന്നത്.പരിശോധനാ സമയത്തുള്ള കാര്യങ്ങൾ പുറത്തറിയാതിരിക്കാനുള്ള കർശന സുരക്ഷയുമുണ്ട്. ഹാംഗറിലേക്ക് മാറ്റിയെങ്കിലും വിമാനത്തിന് സി.ഐ.എസ്.എഫ് നൽകി വന്ന അതീവ സുരക്ഷ തുടരുകയാണ്.
ജൂൺ 14നാണ് ഇന്ധനം കുറവായതും സാങ്കേതിക തകരാറും കാരണം ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സംയുക്ത അഭ്യാസം പൂർത്തിയാക്കിയ ബ്രിട്ടന്റെ എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കാരിയർ സ്‌ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |