
തിരുവനന്തപുരം: വിഴിഞ്ഞം വികസന ഇടനാഴി, എയിംസ്, ദീർഘദൂര അമൃത് ട്രെയിൻ, വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകൾ അടക്കം കേരളത്തിന്റെ വികസനക്കുതിപ്പിന് ഇടയാക്കുന്ന പ്രഖ്യാപനങ്ങൾ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബഡ്ജറ്റിൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ സംസ്ഥാനം. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാന കോർപ്പറേഷൻ ഭരണം പിടിച്ചതും നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷയോടെ നീങ്ങുന്നതും കണക്കിലെടുത്തുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തലസ്ഥാനത്തെത്തുമ്പോൾ നഗര വികസനത്തിനുള്ള വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതെല്ലാം കേന്ദ്ര ബഡ്ജറ്റിലും ഇടംപിടിച്ചേക്കാം. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ വികസനങ്ങൾക്കായി റെയിൽ കണക്ടിവിറ്റി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്, സീ ഫുഡ് പാർക്ക്, ലോജിസ്റ്റിക്സ് ആൻഡ് ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവയുൾപ്പെടുന്നതാണ് വിഴിഞ്ഞം വികസന ഇടനാഴി.
വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ നീളുന്ന വൻ വ്യവസായ ടൗൺഷിപ്പിന് ഇത് വഴിതുറക്കും.
മധുര, ചെന്നൈ, കൊച്ചി, മംഗലാപുരം എന്നിവിടങ്ങളുമായി കണക്ടിവിറ്റിയും വിഴിഞ്ഞവുമായി ബന്ധപ്പെട്ട് റെയിൽ, കപ്പൽ, റോഡ്, ആഭ്യന്തര ചരക്ക് കടത്ത് സംവിധാനങ്ങളും വന്നാൽ വൻ വികസന കുതിപ്പാണ് കേരളത്തിനുണ്ടാകുക.
ഭാരതമാല പദ്ധതിയിലും ചരക്ക് ഗതാഗത ഇടനാഴിയിലും വിഴിഞ്ഞം തുറമുഖത്തെ സംയോജിപ്പിക്കൽ, ലോജിസ്റ്റിക് പാർക്കുകൾ, തീരദേശ ഷിപ്പിംഗ് സർവീസുകൾ, ഇലക്ട്രിക് ബസ് സർവീസ് വ്യാപിപ്പിക്കൽ, മെട്രോ സംവിധാനങ്ങൾ, ആധുനിക നഗര ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവും കേന്ദ്ര ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നു.
ശബരി റെയിൽപ്പാത,
ആണവ നിലയം
1. ശബരി റെയിൽപ്പാത, ദീർഘദൂര അമൃത് ട്രെയിൻ, വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകൾ തുടങ്ങിയവയും ബഡ്ജറ്റിൽ കേരളത്തിനായി പ്രഖ്യാപിച്ചേക്കും
2. സംസ്ഥാനത്തെ വൈദ്യുതി കമ്മി നികത്താൻ കേന്ദ്രസഹായത്തോടെ ആണവ നിലയം, സോളാർ വൈദ്യുതി പദ്ധതി വികസിപ്പിക്കുന്നതിനായി ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ എന്നിവയും പ്രതീക്ഷിക്കുന്നു
പ്രത്യേക സാമ്പത്തിക
പാക്കേജ് ആവശ്യം
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള 21,000 കോടിയുടെ പ്രത്യേക പാക്കേജ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രീബഡ്ജറ്റ് ചർച്ചയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |