
കൽപ്പറ്റ: മാതൃക ടൗൺഷിപ്പ് പദ്ധതി ഉദ്ഘാടനത്തിനിടെ ടി.സിദ്ദീഖ് എംഎൽഎയ്ക്കെതിരെ സദസിൽ നിന്നും കൂവൽ. എം.എൽ.എയുടെ പേര് പരാമർശിക്കുമ്പോൾ മുതൽ എം.എൽ.എ പ്രസംഗിച്ച് അവസാനിപ്പിക്കുന്നത് വരെ ഒരു സംഘം ആളുകൾ കൂകി വിളിച്ചു. പുറമേ
നിന്നെത്തിയ സംഘമാണ് ആളുകളാണ് കൂവിയതെന്നാണ് സൂചന.
അദ്ധ്യക്ഷ പ്രസംഗത്തിൽ മന്ത്രി കെ.രാജൻ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചതോടെ എം.എൽ.എയ്ക്കെതിരെ കൂവൽ വീണ്ടും തുടർന്നു. സർക്കാർ കല്ലുമായി നടക്കുകയല്ല. കല്ലു വച്ചാൽ അതിനു മുകളിൽ വീട് നിർമ്മിക്കുക തന്നെ ചെയ്യുമെന്നാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ ദിവസം കോൺഗ്രസ് പുനരധിവാസ പദ്ധതിക്ക് തറക്കല്ലിട്ട സംഭവത്തെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.
പിന്നാലെ, സിദ്ദിഖ് എം.എൽ.എയുടെ പ്രസംഗം അവസാനിപ്പിക്കുന്നത് വരെ കൂവൽ തുടർന്നു. ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്,സി.പി.എം ജില്ലാ സെക്രട്ടറി കെ.റഫീഖ്, മുൻ എം.എൽ.എ സി.കെ.ശശീന്ദ്രൻ എന്നിവർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കൂവരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഗൂഢാലോചന:
ടി.സിദ്ദീഖ്
കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് തനിക്കെതിരെ വയനാട്ടുകാരല്ലാത്ത ചിലർ കൂവിയതെന്ന് ടി.സിദ്ദീഖ്. തന്റെ പേര് പരാമർശിക്കുമ്പോഴൊക്കെ കൂകി വിളിച്ചു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒന്ന് കൈ ഉയർത്തിപ്പോലും തടഞ്ഞില്ല. താൻ പ്രസംഗിക്കുമ്പോൾ ദുരന്തബാധിതർ എഴുന്നേറ്റു നിന്ന് കൈയടിച്ചു. റവന്യൂ മന്ത്രിയുടെ പരാമർശം തന്നെ വല്ലാതെ വേദനിപ്പിച്ചു. ദുരന്തം നടന്ന ആദ്യ നിമിഷം മുതൽ ദുരന്തബാധിതരോടൊപ്പം നിൽക്കുന്ന ആളാണ് താൻ. അവരിലൊരാൾക്കും തന്നെക്കുറിച്ച് പരാതിയുണ്ടാകില്ല. ടൗൺഷിപ്പ് പദ്ധതിയെ ഒരിക്കൽ പോലും എതിർത്തിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |