
തിരുവനന്തപുരം : ചോർച്ച തടയാനും തുണി ഉണക്കാനുമായി വീടിന് മുകളിൽ ഷീറ്റ്, ഓട് എന്നിവകൊണ്ടുള്ള റൂഫിംഗ് പണിയാൻ തദ്ദേശസ്ഥാപനത്തിന്റെ അനുമതി വേണ്ട. മൂന്നു നിലവരെയുള്ള വീടുകൾക്കാണ് ഇളവ് ബാധകം. ടെറസിൽ നിന്ന് ഷീറ്റിലേക്കുള്ള ഉയരം 2.4മീറ്ററിൽ കൂടരുതെന്ന നിബന്ധനയോടെയാണ് ഇളവ്. 300 ചതുരശ്രമീറ്റർ വരുന്ന താമസകെട്ടിടങ്ങൾക്ക് മുൻവശത്തും പിൻവശത്തും പരമാവധി 15 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിൽ റോഡിൽ നിന്നും ചുരുങ്ങിയത് 60 സെ.മീ ദൂരം പാലിച്ച് ഷീറ്റ് റൂഫിംഗ് നിർമ്മിക്കുന്നതും അനുവദനീയമാക്കി. അപേക്ഷിച്ചാലുടൻ സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്ന ഗണത്തിൽ (ലോ റിസ്‌ക് കെട്ടിടങ്ങൾ) കൂടുതൽ കെട്ടിടങ്ങൾ ഉൾപ്പെടുത്തി.
നിലവിൽ 300 ചതു. മീറ്റർ വരെ വിസ്തീർണ്ണമുള്ളതും 2 നില വരെയുള്ളതും, 7 മീറ്റർ ഉയരമുള്ള വീടുകളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ ഉയരത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി. ഇത് വഴി ഏകദേശം 80 ശതമാനത്തോളം വീടുകൾക്കും ഇനി അപേക്ഷ സമർപ്പിച്ചാൽ നിമിഷങ്ങൾക്കകം നിർമ്മാണ അനുമതി ലഭ്യമാവുമെന്ന് തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെട്ടിടങ്ങളിൽ അധിക നിർമ്മാണം നടത്തുമ്പോൾ അതിരുകളിൽ നിന്നും റോഡിൽ നിന്നും പാലിച്ചിരിക്കേണ്ട ചുരുങ്ങിയ അകലം നിലം നിരപ്പിൽ ലഭ്യമല്ലെങ്കിൽ കൂട്ടിച്ചേർക്കലുകളും അധിക നിർമ്മാണവും സാദ്ധ്യമാകില്ലായിരുന്നു. പുതിയ ഭേദഗതിയോടെ കെട്ടിടങ്ങളിൽ നിന്നും റോഡിലേക്കും അതിരുകളിലെക്കുമുള്ള ദൂരം എത്രയായാലും പുതിയതായി കൂട്ടിച്ചേർക്കുന്ന ഭാഗത്തിനു മാത്രം ചുരുങ്ങിയ ദൂര നിബന്ധനകൾ പാലിച്ചാൽ മതി . റോഡു വികസനത്തിനുൾപ്പെടെ സ്ഥലം വിട്ടു കൊടുത്തവർക്കും, പഴയ കെട്ടിടങ്ങളിൽ കൂട്ടിചേർക്കലുകൾ വരുത്തുന്നവർക്കും ഇത് സഹായകരമാകും. റോഡിനായി വിട്ടു കൊടുത്ത സ്ഥലത്ത് ബാക്കി വരുന്ന കെട്ടിടങ്ങളുടെ ആവശ്യമായ രീതിയിലുള്ള ബലപ്പെടുത്തൽ അനുവദനീയമാക്കി. മതിൽകെട്ടുന്നതിന് ഉൾപ്പെടെ കെട്ടിടനിർമ്മാണചട്ടങ്ങളിലെ മറ്റുനിബന്ധനകൾ ബാധകമാകില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |