
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടേയും (ഡി.എ) പെൻഷൻകാരുടെ ക്ഷാമാശ്വാസത്തിന്റെയും (ഡി.ആർ) 10% കുടിശിക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ 2025 ഡിസംബർ വരെയുള്ള ഡി.എ കുടിശിക പൂർണമായും കിട്ടും. ഏപ്രിലിൽ വിതരണം ചെയ്യുന്ന ശമ്പളത്തിനും പെൻഷനുമൊപ്പം ലഭിക്കും. രണ്ടാഴ്ച മുമ്പ് 3% ഡി.എ അനുവദിച്ചിരുന്നു. അത് മാർച്ചിൽ ലഭിക്കും.
ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത 25ൽ നിന്ന് 35% ആയി വർദ്ധിക്കും. ഡി.എ കുടിശിക പൂർണമായും നടപ്പു സാമ്പത്തികവർഷം തന്നെ നൽകുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.
പൊതുമേഖല, സ്വയംഭരണ, ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾക്കും
ഡി.എ കുടിശിക അനുവദിച്ചുള്ള ഉത്തരവ് ബാധകമാണ്. എന്നാൽ, സാമ്പത്തിക ശേഷിക്കനുസരിച്ച് അതത് സ്ഥാപനങ്ങൾക്ക് ഇതിൽ തീരുമാനമെടുക്കാം. കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി തുടങ്ങി സ്വന്തമായി ഡി.എ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് നേരിട്ട് ബാധകമല്ല. അവർ പ്രത്യേക ഉത്തരവുകൾ പിന്നീട് പുറത്തിറക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |