
കാസർകോട്: യു.ഡി.എഫിന്റെ പുതുയുഗ യാത്രക്ക് കാസർകോട് കുമ്പളയിൽ ആവേശ തുടക്കം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന് യു.ഡി.എഫ് ഘടകകക്ഷികളുടെ പതാകകൾ കൈമാറി എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു.
10 വർഷമായി പൊറുതിമുട്ടിയ ജനം പിണറായി സർക്കാർ ഇറങ്ങിപ്പോകുന്ന നിമിഷം കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയധികം സർക്കാർ വിരുദ്ധ വികാരം ജനങ്ങളിൽ ഉണ്ടായ കാലമുണ്ടായിട്ടില്ല.ജാതിയും മതവും പറഞ്ഞ് തമ്മിലടിപ്പിക്കുന്നതിന് പകരം ജനങ്ങളെ ഒരുമിച്ച് നിർത്താൻ യു.ഡി.എഫ് മുന്നോട്ടു വരും. അമ്പലക്കള്ളന്മാരെ മുഴുവൻ യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തുറുങ്കിലടക്കുമെന്നും വേണുഗോപാൽ പറഞ്ഞു.
മാർച്ച് ഏഴിന് പുത്തരിക്കണ്ടം മൈതാനിയിൽ യാത്ര സമാപിക്കും. ഉദുമ , കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ ഇന്ന് പര്യടനം നടത്തും.
കെ.പി.സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻ കെ.പി.സി.സി. അദ്ധ്യക്ഷന്മാരായ കെ. സുധാകരൻ, കെ. മുരളീധരൻ, എം.എം ഹസ്സൻ എന്നിവർക്കു പുറമേ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഷിബു ബേബിജോൺ, സി.എം പി.ജനറൽ സെക്രട്ടറി സി.പി ജോൺ, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, കെ.രാജൻ ബാബു തുടങ്ങയവർ ഉൾപ്പെടെ വിവിധ നേതാക്കളും എം.പിമാരും എം.എൽ.എമാരും പ്രസംഗിച്ചു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |