കൊച്ചി: കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലത്തിൽ ചരിഞ്ഞ എംഎസ്സി എൽസ-3 എന്ന ചരക്കുകപ്പൽ മുങ്ങിത്താഴുന്നു. കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ വിഫലമായിക്കൊണ്ടിരിക്കുകയാണ്. കപ്പലിൽ അവശേഷിച്ച കണ്ടെയ്നറുകൾ എല്ലാം കടലിൽ പതിച്ചു. കപ്പലിനുള്ളിൽ വെള്ളം കയറിയതാകാം ചരിയാൻ കാരണം. 26 ഡിഗ്രി ചരിവ് ഗുരുതര സ്വഭാവമുള്ളതാണ്. പഴയ കപ്പലായതിനാൽ യന്ത്രഭാഗങ്ങൾ കടൽവെള്ളം ഉപയോഗിച്ച് കൂളിംഗിന് ഉപയോഗിക്കുന്ന പൈപ്പുകൾക്ക് ചോർച്ച സംഭവിക്കാനിടയുണ്ട്. ഇങ്ങനെ ഉള്ളിൽ കയറിയ ജലം യഥാസമയം പമ്പ് ചെയ്ത് കളയാൻ സാധിച്ചില്ലെങ്കിൽ ചരിയാം. മോശം കാലാവസ്ഥ ചരിയലിന് ആക്കം കൂട്ടിയിട്ടുമുണ്ടാകാം.
കടലിൽ പോയ കണ്ടെയ്നറിനുള്ളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടോ എന്ന് പരിശോധന നടത്തിയതിന് ശേഷമാണ് വീണ്ടെടുക്കാനുള്ള വിവിധ ഏജൻസികളുടെ സംയുക്ത ദൗത്യം ആരംഭിക്കുക. ഇവ കരയിലേക്ക് ഒഴുകി എത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കപ്പൽ ഇപ്പോൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ കപ്പൽ മുങ്ങി നഷ്ടപ്പെടുന്നത് കാരണമുണ്ടാകുന്ന നഷ്ടത്തേക്കാൾ ഭീകരമാണ് ഇതുകൊണ്ടുണ്ടാകുന്ന പരിസ്ഥിതി നാശം. ഇന്ധനം കടലിൽ കലർന്ന് എണ്ണപ്പാട വ്യാപിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ആധുനിക ഉപകരണങ്ങളും വിദഗ്ധരുടെ സഹായവും ആവശ്യമായി വേണ്ടിവരും.
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തടകൾ ഇട്ടു മറ്റ് ഭാഗങ്ങളിലേക്ക് വ്യാപനം തടയുകയും തുടർന്ന് എണ്ണ വലിച്ചെടുക്കുന്ന വസ്തുക്കൾ ഉപയോഗിക്കുകയുമാണ് പൊതുവെ ചെയ്യുന്ന രീതി. തീരസേനയ്ക്ക് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്. കപ്പൽചാലിലെ ഈ ഭാഗം അപകടമേഖലയായി പ്രഖ്യാപിക്കേണ്ടതുണ്ട്.
അതേസമയം, കപ്പൽ നീക്കം ചെയ്യാനും ഉയർത്താനും മറ്റും സാൽവേജിംഗ് കമ്പനികളുണ്ട്. ദൗത്യം വിജയിച്ചാൽ മാത്രം ഇവർക്ക് പ്രതിഫലം നൽകിയാൽ മതി. ആ പ്രതിഫലം കനത്ത തുകയാകും. എൽസ 3 പഴഞ്ചൻ കപ്പലായതിനാൽ ലാഭകരമാകില്ല. അതുകൊണ്ടു തന്നെ ആ സാദ്ധ്യത കുറവാണ്. ജർമ്മൻ കമ്പനിയായ എർഷിഫാർട്ട് പോളണ്ടിലെ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച് 1997ൽ നീറ്റിലിറക്കിയ ചരക്കു കപ്പലായിരുന്ന ജാൻ റിച്ചറാണ് ഒമ്പതു പേരുമാറ്റങ്ങൾക്ക് ശേഷം എം.എസ്.സി. എൽസ 3 എന്ന കണ്ടെയ്നർ കപ്പലായത്.
കണ്ടെയ്നറുകൾ മദർ ഷിപ്പുകളിൽ കയറ്റാനും ഇറക്കിയവ ചെറു തുറമുഖങ്ങളിൽ എത്തിക്കാനും ഉപയോഗിക്കുന്ന ഫീഡൽ കപ്പലാണ് ഇപ്പോഴിത്. എന്നാണ് കണ്ടെയ്നർ കപ്പലായതെന്ന് വ്യക്തമല്ല. പഴയ കാർഗോ കപ്പലുകൾ ഫീഡർ കണ്ടെയ്നർ കപ്പലുകളാക്കി മാറ്റുന്നത് പതിവാണ്. അതിന്റെ പോരായ്മകൾ കപ്പലുകൾക്കുണ്ടാകും. എം.എസ്.സി കമ്പനിയുടെ തന്നെ നിരവധി കപ്പലുകൾ ഇങ്ങനെ രൂപമാറ്റം വരുത്തിയവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |