കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനിൽ നിന്ന് പിടിച്ചെടുത്ത കാർ കസ്റ്റംസ് കഴിഞ്ഞ ദിവസം വിട്ടുനൽകിയിരുന്നു. ദുൽഖർ സൽമാന്റെ വാഹന ശേഖരത്തിലുണ്ടായിരുന്ന ലാൻഡ് റോവർ വാഹനമാണ് വിട്ടുനൽകിയത്. ഹെെക്കോടതി നിർദേശമനുസരിച്ച് ദുൽഖർ നൽകിയ അപേക്ഷയെ തുടർന്നാണ് വാഹനം വിട്ടുനൽകിയത്.
സേഫ് കസ്റ്റഡിയിലാണ് വാഹനം നടന് വിട്ടുനൽകിയിരിക്കുന്നത്. കേസ് കഴിയുന്നത് വരെ ഈ ലാൻഡ് റോവർ ഡിഫൻഡർ നിരത്തുകളിൽ ഇറക്കാൻ സാധിക്കില്ല. ബോണ്ടിന്റെയും 20 ശതമാനം ബാങ്ക് ഗാരന്റിയുടേയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടുനൽകിയത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ തന്നെ ഈ വാഹനം കേരളത്തിന് പുറത്ത് കൊണ്ടുപോവരുത്, ആവശ്യപ്പെട്ടാൽ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളുമുണ്ട്.
രണ്ടുഘട്ടങ്ങളിലായി നടത്തിയ പരിശോധനയിൽ ദുൽഖറിന്റെ മൂന്നുവാഹനങ്ങളാണ് പിടിച്ചെടുത്തത്. ആദ്യത്തെ പരിശോധനയിലാണ് ലാൻഡ് റോവർ പിടിച്ചെടുത്തത്. ഈ കാർ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദുൽഖർ കോടതിയെ സമീപിച്ചിരുന്നു. അപ്പോൾ കസ്റ്റംസിനെ സമീപിക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. ദുൽഖറിന്റെ അപേക്ഷ പരിഗണിക്കണമെന്ന് കോടതി കസ്റ്റംസിനും നിർദ്ദേശം നൽകിയിരുന്നു. അപേക്ഷ പരിഗണിച്ച് ഉപാധികളോടെ വാഹനങ്ങൾ വിട്ടുകൊടുക്കാൻ കസ്റ്റംസ് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇതുപ്രകാരം ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷണൽ കമ്മീഷണറാണ് വാഹനം വിട്ടുകൊടുക്കാൻ തീരുമാനിച്ചത്.
നിസാൻ പട്രോൾ മാത്രമാണ് ഇനി ദുൽഖറിന്റേതായി കസ്റ്റംസിന്റെപക്കൽ ശേഷിക്കുന്നത്. മറ്റൊരുകാർകൂടി കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അവിടെത്തന്നെ സൂക്ഷിക്കാൻ അനുവദിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |