മലപ്പുറം: പണിമുടക്കിനിടെ പൊലീസിനെ കയ്യേറ്റം ചെയ്ത സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസ്. മലപ്പുറം മഞ്ചേരിയിലാണ് സംഭവം. സിപിഎം മഞ്ചേരി ഏരിയ സെക്രട്ടറി ഫിറോസ് ബാബു അടക്കം 20 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇന്ന് അർദ്ധരാത്രി വരെയാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്. തൊഴിലാളികളും കേന്ദ്ര- സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും മോട്ടോർ വാഹന തൊഴിലാളികളും വ്യാപാരികളും ബാങ്കിംഗ്, ഇൻഷ്വറൻസ് മേഖലയിലുള്ളവരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം, പണിമുടക്കുമായി ബന്ധപ്പെട്ട് പലയിടങ്ങളിലും അക്രമസംഭവങ്ങൾ അരങ്ങേറി. ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന കേന്ദ്രവും സമരാനുകൂലികൾ ഭീഷണിപ്പെടുത്തി പൂട്ടിച്ചു. കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെയുളളവർക്ക് മർദ്ദനമേറ്റതായും പരാതിയുണ്ട്. ആശുപത്രികളിലേക്ക് മരുന്നെത്തിക്കുന്ന പത്തനാപുരത്തെ ഔഷധി സബ്‌സെന്ററാണ് സമരാനുകൂലികൾ ഭീഷണിപ്പെടുത്തി പൂട്ടിച്ചത്.
കോഴിക്കോട് മുക്കത്ത് മീൻ വില്പനകേന്ദ്രത്തിലെത്തിയ സമരക്കാർ കടയടച്ചില്ലെങ്കിൽ മീനിൽ മണ്ണെണ്ണയൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഉന്നത സിഐടിയു നേതാവിന്റെ ഭീഷണി. കണ്ണൂർ ശ്രീകണ്‌ഠാപുരം നഗരസഭയിലെ നെടുങ്ങോം ജിഎച്ച്‌എസ്‌എസിൽ ജോലിക്കെത്തിയ അദ്ധ്യാപകരുടെ വാഹനങ്ങളുടെ ടയറിന്റെ കാറ്റ് സമരാനുകൂലികൾ അഴിച്ചുവിട്ടു.
കാസർകോട് വെള്ളരിക്കുണ്ട് പരപ്പ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയെ സമരാനുകൂലികൾ പൂട്ടിയിട്ടു. തിരുവനന്തപുരം കാട്ടാക്കടയിലും കൊല്ലത്തും കെഎസ്ആർടിസി ജീവനക്കാർക്ക് സമരാനുകൂലികളിൽ നിന്ന് മർദ്ദനമേൽക്കുകയും ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറായ ഷിബുവിനാണ് കാട്ടാക്കടയിൽ മർദ്ദനമേറ്റത്. കൊല്ലത്ത് കണ്ടക്ടറെ ബസിനുള്ളിൽ കടന്ന് അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു. പണിമുടക്കിന് ജോലിക്കെത്തിയ സർക്കാർ ജീവനക്കാരനെ സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചു. അടിമാലി വടക്കേക്കര സ്വദേശി വിഷ്ണു രാധാകൃഷ്ണനാണ് സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |