
കൊച്ചി: ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മുക്കുപണ്ട തട്ടിപ്പ് നടത്തിയ ഉത്തരേന്ത്യൻ സംഘം കൊച്ചിയിൽ ദമ്പതികളെ കബളിപ്പിച്ച് 6 ലക്ഷം രൂപയുമായി കടന്നു. യുവതിയുൾപ്പെട്ട മൂന്നംഗ സംഘമാണ് കൊച്ചിയിൽ തങ്ങി 15 ദിവസത്തെ ഇടവേളയിൽ തട്ടിപ്പ് നടത്തിയത്. ശരിക്കുമുള്ള സ്വർണത്തിന്റെ സാമ്പിളുകൾ നൽകി ആദ്യം വിശ്വാസം പിടിച്ചുപറ്റുകയും തുടർന്ന് മുക്കുപണ്ടം നൽകി തുക കൈപ്പറ്റി മുങ്ങുകയുമാണ് രീതി. സംഘത്തിന്റെ കെണിയിൽപ്പെട്ട് 6 ലക്ഷം രൂപ നഷ്ടപ്പെട്ട എരൂർ എസ്.എൻ.പി കോളനിയിലെ ദമ്പതികൾ പരാതിയുമായി പാലാരിവട്ടം പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറത്തായത്. തൃശൂരിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന തട്ടിപ്പുകൾ നടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
തെരഞ്ഞെടുത്തത് കലൂർ സ്റ്റേഡിയത്തിലെ ചായക്കടകൾ
നവംബർ 28ന് വൈകിട്ട് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ടീ ഷോപ്പിലെത്തിയപ്പോഴാണ് എരൂർ സ്വദേശികളായ ദമ്പതികൾ ഉത്തരേന്ത്യൻ സംഘത്തിന്റെ സൗഹൃദ വലയിൽപ്പെട്ടത്. 35 വയസുള്ള യുവതിയും 38 വയസ് പ്രായം തോന്നിക്കുന്ന യുവാവും ഉൾപ്പെട്ട മൂന്നംഗ സംഘം ‘ ഫ്രണ്ട്ലിയായി’ട്ടാണ് പെരുമാറിയതെന്ന് ദമ്പതികൾ പറഞ്ഞു. ഇരുകൂട്ടരും ഫോൺ നമ്പരുകൾ കൈമാറി യാത്ര പറഞ്ഞു. പിന്നീടാണ് ദമ്പതികളുടെ ഫോണിലേക്ക് ഉത്തരേന്ത്യൻ യുവതിയുടെ വിളി വന്നത്. തങ്ങളുടെ കൈവശം കുറച്ച് സ്വർണാഭരണങ്ങൾ വിൽക്കാനുണ്ടെന്നും ഇടപാട് നടത്തിക്കൊടുത്താൽ കമ്മീഷൻ നൽകാമെന്നും പറഞ്ഞു.
സ്വർണ വള പൊട്ടിച്ച് സാമ്പിൾ
ദമ്പതികളും ഉത്തരേന്ത്യൻ സംഘവും വീണ്ടും സ്റ്റേഡിയ പരിസരത്ത് കണ്ടുമുട്ടി. 40 ലക്ഷം രൂപയുടെ സ്വർണം വിൽക്കാനുണ്ടെന്നും സാമ്പിൾ നൽകാമെന്നും അറിയിച്ചു. തുടർന്നാണ് സ്വർണവളയുടെ ഒരു ഭാഗം പൊട്ടിച്ച് ദമ്പതികൾക്ക് കൈമാറിയത്. ദമ്പതികൾ ജ്വല്ലറിയിൽ കൊണ്ടുപോയി സ്വർണം ഒറിജിനലാണെന്ന് സ്ഥിരീകരിച്ചതോടെ വിശ്വാസമായി. ഡിസംബർ 12ന് കലൂർ സ്റ്റേഡിയത്തിലെ ഇഡ്ഢലിക്ക് പ്രസിദ്ധമായ കടയിൽ വച്ച് 40 ലക്ഷത്തിന്റെ ആഭരണങ്ങൾ ദമ്പതികൾക്ക് സംഘം നൽകി. ആറ് ലക്ഷം രൂപയാണ് ദമ്പതികൾ മുൻകൂർ നൽകിയത്. ബാക്കി തുക സ്വർണം വിൽക്കുമ്പോൾ നൽകാമെന്നായിരുന്നു കരാർ.
ഫോൺ നമ്പരുകൾ വ്യാജം
ജ്വല്ലറിയിൽ ആഭരണങ്ങളുമായി എത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്നും തട്ടിപ്പിന് ഇരയായതായും ദമ്പതികൾ മനസിലാക്കുന്നത്.
വ്യാജ സിം കാർഡുകൾ ഉപയോഗിച്ചുള്ള ഫോൺ നമ്പരുകളിലാണ് ഉത്തരേന്ത്യൻ സംഘം ദമ്പതികളെ ബന്ധപ്പെട്ടത്, ഈ നമ്പരുകൾ നിലവിൽ സ്വിച്ച്ഡ് ഓഫാണ്. കൊച്ചിയിൽ ഇവർ തങ്ങിയത് എവിടെയാണെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. സി.സി ടിവി ക്യാമറകളുൾപ്പെടെ പരിശോധിച്ച് തട്ടിപ്പ് സംഘത്തിന്റെ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |