തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ തീരുമാനം. ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടം, കാറ്ററിംഗ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയായതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.
ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരിക്കൽ ലൈസൻസ് നൽകിയാലും നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തും. ലൈസൻസ് സസ്‌പെന്റ് ചെയ്താൽ പോരായ്മകൾ പരിഹരിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്താൽ മാത്രമേ വീണ്ടും അനുമതി നൽകൂ. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാവരും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശീലനം നേടിയിരിക്കണം. ശുചിത്വം ഉറപ്പാക്കാൻ സ്ഥാപനത്തിലുള്ള ഒരാൾക്ക് സൂപ്പർവൈസർ ചുമതല നൽകണം.
തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ ഹോട്ടലുകൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് ഉറപ്പാക്കും. ലൈസൻസിനായി ഏകീകൃത പ്ലാറ്റ്‌ഫോം പരിഗണനയിലാണ്. ഓഡിറ്റോറിയങ്ങളിൽ പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. ഭക്ഷണം പാഴ്സൽ കൊടുക്കുമ്പോൾ നൽകുന്ന സയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്നതും രേഖപ്പെടുത്തിയ സ്റ്റിക്കർ പതിപ്പിക്കണം. വെജിറ്റബിൾ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ളതോ മാത്രമേ ഉപയോഗിക്കാവൂ. പച്ച മുട്ട ഉപയോഗിച്ചുള്ളത് പാടില്ല.
റേറ്റിംഗ് അറിയാൻ ആപ്പ്
ഹോട്ടലുകൾക്ക് ഹൈജീൻ റേറ്റിംഗ് നൽകുന്ന സംവിധാനം തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളെ വിവരങ്ങൾ അറിയിക്കാനുള്ള മൊബൈൽ ആപ്പ് ഈ മാസം ലോഞ്ച് ചെയ്യും. ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |