തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യം വിലയിരുത്താൺ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിനുവേണ്ട എല്ലാവിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിപയുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തൽ. അതിനിടെ പാലക്കാട് ചികിത്സയിലുള്ള യുവതിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മൂന്ന് കുട്ടികളുടെ സാമ്പിൾ പരിശോധനാ ഫലം പുറത്തുവന്നു. മൂന്ന് പേരുടേയും ഫലം നെഗറ്റീവാണ്.
കോഴിക്കോട് വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. ഇതോടെ ആശങ്ക അകന്നു. ഇവരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റ് രണ്ട് പേർ പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.
അതേസമയം നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയുടെ ബന്ധുവായ പത്ത് വയസുള്ള കുട്ടിയെ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിപ്പിക്കുകയാണ്. രോഗം സ്ഥിരീകരിച്ച 38കാരിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. കണ്ടെയ്‌മെന്റ് സോണുകളിൽ ജാഗ്രത വേണമെന്ന് ജില്ലാ കളക്ടർമാർക്ക് മന്ത്രി നിർദ്ദേശം നൽകി.
മലപ്പുറം ജില്ലയിൽ നിപ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മക്കരപ്പറമ്പ്, കുറുവ, കൂട്ടിലങ്ങാടി, മങ്കട തുടങ്ങിയ പഞ്ചായത്തുകളിലെ 20 വാർഡുകളിൽ ആരോഗ്യ സംഘം സർവൈലൻസ് നടത്തിയിരുന്നു. രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്തുന്നതിനും ഗൃഹകേന്ദ്രീകൃത ബോധവത്കരണം ശക്തിപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |