ആലപ്പുഴ: മേൽക്കൂര തകർന്നുവീണ കാർത്തികപ്പള്ളി സ്‌കൂളിൽ സംഘർഷം. യൂത്ത് കോൺഗ്രസും സിപിഎമ്മും തമ്മിലാണ് കൈയാങ്കളി. പ്രവർത്തകർ പരസ്പരം കസേര എറിഞ്ഞു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്കേറ്റു. മാദ്ധ്യമപ്രവർത്തകർക്ക് നേരെയും കൈയേറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
മാദ്ധ്യമപ്രവർത്തകരെ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തി സ്കൂളിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ക്ലാസുകൾ നടക്കുന്ന സമയമാണെന്നും കുട്ടികൾക്ക് പഠിക്കണമെന്നും പറഞ്ഞാണ് സിപിഎം പ്രവർത്തകർ മാദ്ധ്യമങ്ങളെ ആദ്യം സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളുമെത്തി മാദ്ധ്യമപ്രവർത്തകരോട് ദേഷ്യപ്പെടുകയായിരുന്നു.
ആയിരത്തോളം കുട്ടികൾ പഠിക്കുന്ന, കാർത്തികപ്പള്ളി ജംഗ്ഷന് സമീപത്തെ ഗവ. യു പി സ്കൂളിന്റെ രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇന്നലെ രാവിലെ നിലംപതിച്ചത്. അവധിദിനമായതിനാൽ വൻ അപകടമാണ് ഒഴിവായത്.
കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് ഈ അദ്ധ്യയന വർഷം ചിങ്ങോലി ഗ്രാമപഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. എന്നാൽ സ്ഥലപരിമിതി മൂലം ഈ കെട്ടിടത്തിലാണ് സ്കൂളിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. മൂന്നുദിവസം മുമ്പ് വരെ കെട്ടിടത്തിൽ ചില ക്ലാസുകൾ നടന്നിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടികളുടെ സാന്നിദ്ധ്യം എപ്പോഴും ഉള്ള ഭാഗത്താണ് അപകടം ഉണ്ടായത്. ഈ കെട്ടിടത്തിലൂടെ കയറിയാണ് പിന്നിലെ ക്ലാസുകളിലേക്ക് കുട്ടികൾ പോകുന്നത്.
അപകടം നടന്നതറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ പഞ്ചായത്തംഗവും ഹെഡ്മാസ്റ്ററും ചേർന്ന് കെട്ടിടത്തിലെ ക്ലാസ് മുറികളിൽ നിന്ന് ബെഞ്ചുകളും ഡെസ്ക്കുകളും നീക്കം ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ഇന്നലെ മുതൽ സ്‌കൂളിനെച്ചൊല്ലി പ്രതിഷേധം നടക്കുകയാണ്.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ ബി ജെ പി പ്രവർത്തകർ ഇന്നലെ പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിയുടെ ചിത്രം ഉയർത്തി കോൺഗ്രസ് പ്രതിഷേധം നടത്തിയതോടെ സി പി എം പ്രവർത്തകർ രമേശ് ചെന്നിത്തല എം എൽ എക്കെതിരെ മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. മണിക്കൂറുകളോളം പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. വലിയ പൊലീസ് സന്നാഹവും എത്തിയാണ് പ്രതിഷേധക്കാരെ മാറ്റിയത്. എന്നാൽ ഇന്ന് രാവിലെ വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു.
"കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാത്തതിനെ തുടർന്ന് ആഡിറ്റോറിയത്തിൽ താൽക്കാലിക സംവിധാനം ഒരുക്കിയാണ് ക്ലാസ് നടത്തിവരുന്നത്. പഴയ കെട്ടിടത്തിൽ ക്ലാസുകൾ നടത്താറില്ല.കിഫ്ബി ഫണ്ടിൽ നിന്നും രണ്ടുകോടി രൂപ ചെലവഴിച്ച് 14 ക്ലാസ് മുറികൾക്കുള്ള കെട്ടിടം പൂർത്തിയായെങ്കിലും വൈദ്യുതീകരണം നടത്താത്തതിനാൽ പ്രവർത്തനം തുടങ്ങാൻ കഴിഞ്ഞിട്ടില്ല."- -ബിജു, ഹെഡ് മാസ്റ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |